nedoor-shaka

പറവൂർ: എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയന്റെ നേതൃത്വത്തിൽ നടക്കുന്ന ശ്രീനാരായണ ഗുരുദേവജയന്തി ആഘോഷങ്ങൾ ഭക്തിസാന്ദ്രമാക്കി ദിവ്യജ്യോതി പര്യടനം പൂർത്തിയായി. യൂണിയനിലെ 72 ശാഖായോഗങ്ങളിൽ കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായായിരുന്നു പര്യടനം. ശാഖാ കേന്ദ്രങ്ങൾ, കുടുംബയൂണിറ്റ്, എം.എഫ്.ഐ യൂണിറ്റ്, വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളടക്കം നൂറുകണക്കിന് കേന്ദ്രങ്ങളിൽ ദിവ്യജ്യോതി സ്വീകരണം നടന്നു.

ആലുവ അദ്വൈതാശ്രമത്തിലെ കെടാവിളക്കിൽ നിന്ന് പകർന്നെടുത്ത ദിവ്യജ്യോതിയുടെ പര്യടനം പ്രത്യേകം തയ്യാറാക്കിയ വാഹനത്തിലായിരുന്നു. ഇന്നലെ കാരുകുന്ന് ശാഖയിൽ നിന്ന് തുടങ്ങിയ പര്യടനം പതിനഞ്ച് ശാഖകളിൽക്ക് ശേഷം ചക്കുമരശേരി ശാഖയിൽ സമ്മേളനത്തോടെ സമാപിച്ചു.

യൂണിയൻ ചെയർമാൻ സി.എൻ. രാധാകൃഷ്ണൻ, കൺവീനർ ഷൈജു മനക്കപ്പടി, യോഗം കൗൺസിലർ ഇ.എസ്. ഷീബ, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ പി.എസ്. ജയരാജ്, എം.പി. ബിനു, ഡി. ബാബു, യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ ഡി. പ്രസന്നകുമാർ, കണ്ണൻ കൂട്ടുകാട്, കെ.പി. സുഭാഷ്, വി.എൻ. നാഗേഷ്, ടി.എം. ദിലീപ്, വി.പി. ഷാജി എന്നിവരും വനിതാസംഘം, യൂത്ത്മൂവ്മെന്റ്, സൈബർസേന, എംപ്ലോയീസ് ഫോറം, പെൻഷൻഫോറം, വൈദികയോഗം തുടങ്ങിയ യൂണിയൻ പോഷകസംഘടന ഭാരവാഹികളും അഞ്ച് ദിവസങ്ങളിൽ നടന്ന ദിവ്യജ്യോതി പര്യടനത്തിന് നേതൃത്വം നൽകി.