കൊച്ചി: കൊച്ചി കോർപ്പറേഷന് കെട്ടിട നികുതിയിനത്തിൽ മാത്രം ലഭിക്കാനുള്ളത് 184 കോടി രൂപയോളം. 2023-24 സാമ്പത്തിക വർഷത്തെ വസ്തു നികുതി കുടിശികയായാണ് ഈ തുക കണക്കാക്കിയിരിക്കുന്നത്. കെ-സ്മാർട്ട് പ്രകാരം 184,79,21,442 രൂപയാണ് പിരിച്ചെടുക്കാനുള്ളത്. വാർഷിക ധനകാര്യ പത്രികയിലും കെ-സ്മാർട്ട് സോഫ്റ്റ്‌വെയറിലും ഇത് സംബന്ധിച്ച് കണക്കുകളിൽ വ്യത്യാസമുണ്ടെന്ന് 2023-24 ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.
വാർഷിക ധനകാര്യ പത്രിക പ്രകാരം ഈ സാമ്പത്തിക വർഷത്തെ വസ്തുനികുതി ബാലൻസ് 39,49,15,912 രൂപയും കുടിശികയായി 23,79,049,187.68 രൂപയും ഉൾപ്പെടെ ആകെ 77,39,65,099.68 രൂപയാണ് കാണിച്ചിട്ടുള്ളത്. എന്നാൽ, കെ-സ്മാർട്ട് പ്രകാരമുള്ള കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ 107,39,56,342 രൂപയുടെ വ്യത്യാസമുണ്ട്.
ഏറ്റവും കൂടുതൽ കെട്ടിട നികുതി കുടിശിക വന്നിട്ടുള്ളത് നഗരസഭയുടെ മുഖ്യകാര്യാലയത്തിന് കീഴിലാണ് - 52,79,40,469 രൂപ. പച്ചാളം മേഖലയിൽ 42,29,058 രൂപയും ഇടപ്പള്ളി മേഖലയിൽ 39,77,73,433 രൂപയും കുടിശികയുണ്ട്.
ജി.സി.ഡി.എയ്ക്കും കുടിശിക
ജി.സി.ഡി.എ.യുടെ സ്ഥാപനങ്ങളും കോർപ്പറേഷന് കെട്ടിട നികുതി അടച്ചിട്ടില്ല. ജി.സി.ഡി.എയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾക്ക് മാത്രം 1,24,49,535 രൂപ കുടിശികയുണ്ട്.
സർക്കാർ കെട്ടിടങ്ങളിൽ നിന്ന് ലക്ഷങ്ങളുടെ കുടിശിക
വൈറ്റില മേഖലയിലെ സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് മാത്രം 37,25,491 രൂപ പിരിച്ചെടുക്കാനുണ്ട്. പൊലീസ്, പോസ്റ്റൽ, കെ.എസ്.ഇ.ബി., ജി.സി.ഡി.എ., റബ്ബർ മാർക്കറ്റിംഗ് ഫെഡറേഷൻ തുടങ്ങിയ സ്ഥാപനങ്ങൾ നികുതി അടയ്ക്കാത്തതും കോർപ്പറേഷൻ അവരിൽ നിന്ന് പിരിച്ചെടുക്കാത്തതും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു
മൂന്നു വർഷം കഴിഞ്ഞാൽ നികുതി ലാപ്‌സാകും: കേരള മുനിസിപ്പാലിറ്റി ആക്ട് പ്രകാരം മൂന്നു വർഷം പഴക്കമുള്ള നികുതികൾ കാലഹരണപ്പെട്ടുപോകും. കൃത്യമായി നികുതി പിരിച്ചെടുക്കാൻ നടപടി സ്വീകരിക്കണമെന്ന് ഓഡിറ്റ് റിപ്പോർട്ട് നിർദ്ദേശിക്കുന്നു. നൂറിലേറെ കേസുകളിൽ നികുതി ഉടമകൾക്ക് അനുകൂലമായി വിധികൾ ഉണ്ടായിട്ടുണ്ട്. നികുതി കൃത്യമായി പിരിച്ചെടുക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ നിർദേശിക്കുന്നു. കാലഹരണപ്പെട്ട വലിയ തുകയുടെ നികുതികൾക്ക് ഡിമാൻഡ് നോട്ടീസ് നൽകിയതുമായി ബന്ധപ്പെട്ട് കോർപ്പറേഷനെതിരെ ഹൈക്കോടതിയിൽ അനവധി കേസുകൾ നിലവിലുണ്ട്