p-rajeev
ലൈഫ് ഭവന പദ്ധതിക്ക് ഭൂമി തരം മാറ്റുന്നതിനുള്ള നിവേദനം മന്ത്രി പി.രാജീവിന് കളമശേരി നഗരസഭ ചെയർപേഴ്സൺ സീമാകണ്ണന്റെ നേതൃത്വത്തിൽ നൽകുന്നു

കളമശേരി: കളമശേരി നഗരസഭയുടെ ലൈഫ് ഭവനപദ്ധതിക്കായി കണ്ടെത്തിയ ഭൂമി തരംമാറ്റുന്നതിന് ഫോറം 2ൽ അപേക്ഷ പുതുക്കി നൽകണമെന്ന് നഗരസഭയോട് വ്യവസായമന്ത്രി പി. രാജീവ് നിർദ്ദേശിച്ചു. ഇതു സംബന്ധിച്ച് നിവേദനം നൽകാൻ നഗരസഭാ ചെയർപേഴ്സൻ സീമാ കണ്ണൻ ഉൾപ്പെടെയുള്ള ഭരണസമിതി അംഗങ്ങൾ മന്ത്രിയെ കണ്ടിരുന്നു. റവന്യൂമന്ത്രി കെ. രാജനുമായി ചർച്ചനടത്തിയ ശേഷമാണ് അപേക്ഷയിലെ അപാകത പരിഹരിക്കാനുള്ള നിർദ്ദേശം മന്ത്രി പി. രാജീവ് നൽകിയത്. നിലവിൽ നഗരസഭ നൽകിയ അപേക്ഷ പ്രകാരം ഭവനപദ്ധതിക്കുവേണ്ടി തരംമാറ്റുന്നതിനുള്ള ഫീസ് ഇളവ് ലഭിക്കുമായിരുന്നില്ല.

മെഡിക്കൽ കോളേജിന് സമീപം ലൈഫ് ഭവനപദ്ധതിക്കായി നഗരസഭ കണ്ടെത്തിയ ഒന്നരഏക്കർ ഭൂമി തരംമാറ്റുന്നതിന് നേരത്തെ നൽകിയ അപേക്ഷയനുസരിച്ച് വാണിജ്യാവശ്യത്തിനുള്ള വിഭാഗത്തിൽപ്പെടുത്തി ഒരു കോടി 28 ലക്ഷംരൂപ ഫീസടക്കേണ്ടി വരുമായിരുന്നു. 25 സെന്റിന് മുകളിലുള്ള ഭൂമിയുടെ തരംമാറ്റ അപേക്ഷകൾക്ക് നിശ്ചയിച്ച ഫീസ് അടക്കാൻ നഗരസഭയോട് ആവശ്യപ്പെട്ടിരുന്നു.

കളമശേരി നഗരസഭ പ്രദേശത്ത് ലൈഫ് ഭവനപദ്ധതിക്ക് അപേക്ഷിച്ച 844 കുടുംബങ്ങളുണ്ട്. എച്ച്.എം.ടി കോളനി പ്രദേശത്ത് നഗസഭയുടെ കൈവശമുള്ള ഭൂമിയിലാണ് പദ്ധതി നടപ്പാക്കാൻ ധാരണയായിട്ടുള്ളത്.