പെരുമ്പാവൂർ: എസ്.എൻ.ഡി.പി. യോഗം കുന്നത്തുനാട് യൂണിയന്റെ കീഴിലുള്ള ചേരാനല്ലൂർ ശാഖയിൽ ഗുരുദേവ ജയന്തി ആഘോഷം വിപുലമായ പരിപാടികളോടെ നടക്കും. 7ന് രാവിലെ ശ്രീശങ്കരനാരായണ ക്ഷേത്രം മേൽശാന്തി ടി.വി.ഷിബുവിന്റെ കാർമ്മികത്വത്തിൽ ഗുരുപൂജ, സമൂഹപ്രാർഥന ഭജന എന്നിവ നടക്കും. രാവിലെ 9ന് ചേരാനല്ലൂർ ശ്രീശങ്കരനാരായണ ക്ഷേത്രത്തിൽ നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ആരംഭിക്കുന്ന രഥ ഘോഷയാത്ര പ്രയാണം ഡി.പി. സഭ പ്രസിഡന്റ് രമേശൻ കൊടിയപ്പാട്ടു കുടി ഉദ്ഘാടനം ചെയ്യും. രഥ ഘോഷയാത്ര ശാഖയുടെ കീഴിലുള്ള 14 കുടുംബയൂണിറ്റുകളുടെയും സ്വീകരണം ഏറ്റുവാങ്ങി ഉച്ചയോടെ തോട്ടുവ മംഗളഭാരതി ആശ്രമത്തിൽ സമാപിക്കും.

വൈകിട്ട് 4. 30ന് ചേരാനല്ലൂർ വെസ്റ്റ് ശ്രീനാരായണ പ്രാർത്ഥനാ കുടുംബയൂണിറ്റിൽ നിന്നാരംഭിക്കുന്ന ചതയദിന ഘോഷയാത്ര ചേരാനല്ലൂർ ശ്രീശങ്കരനാരായണ ക്ഷേത്രത്തിൽ സമാപിക്കും. വൈകിട്ട് 6ന് ശാഖാപ്രസിഡന്റ് കെ.ആർ.സജീവന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ജയന്തി സമ്മേളനം കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി അംഗം ബിജു വിശ്വനാഥൻ ഉദ്ഘാടനം ചെയ്യും. ക്ഷേത്രം മേൽശാന്തി ടി.വി. ഷിബു ജയന്തിസന്ദേശം നൽകും. ശാഖാ സെക്രട്ടറി വി.എസ്. അജയകുമാർ, വൈസ് പ്രസിഡന്റ് കെ. സദാനന്ദൻ എന്നിവർ സംസാരിക്കും. വിദ്യാഭ്യാസ അവാർഡ് ദാനം, കണ്ണൻ മെമ്മോറിയൽ എൻഡോവ്‌മെന്റ് വിതരണം, ഹരിപ്രിയ മോഹൻ മെമ്മോറിയൽ എൻഡോവ്‌മെന്റ് വിതരണം എന്നിവ സമ്മേളനത്തിൽ നടക്കും.