കൊച്ചി: ഫെയ്സ്‌ബുക്ക് മെസഞ്ചറിലെ അധിക്ഷേപ ഗ്രൂപ്പുകളിൽ കുട്ടികളെ മോശമായി ചിത്രീകരിക്കുന്ന പോസ്റ്റിട്ട യുവാവിനെ കൊച്ചി സിറ്റി പൊലീസ് അറസ്റ്റുചെയ്തു. സ്ത്രീകളുടെയും പുരുഷൻമാരുടെയും സ്വകാര്യഭാഗങ്ങൾക്കൊപ്പം എട്ട് വയസുള്ള മകളുടെ ചിത്രം പോസ്റ്റ് ചെയ്തെന്ന ചേരാനല്ലൂർ സ്വദേശിനിയുടെ പരാതിയിലാണ് കടവന്ത്രയിൽ താമസിക്കുന്ന 26കാരനെ പോക്സോ ചുമത്തി അറസ്റ്റുചെയ്തത്. മൂന്നുമാസംമുമ്പ് ഇയാളുടെ സഹോദരി നൽകിയ പരാതിയിൽ ചേരാനല്ലൂർ സ്വദേശിനിയുടെ ജീവിതപങ്കാളിയും കുട്ടികളുടെ ചിത്രം മോശമായി പ്രചരിപ്പിച്ച കുറ്റത്തിന് അറസ്റ്റിലായിരുന്നു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: പരാതി നൽകിയ യുവതിയുടെ ജീവിതപങ്കാളിയും അറസ്റ്റിലായ യുവാവും ഫെയ്സ്ബുക്ക് മെസഞ്ചറിൽ പരസ്പരം അധിക്ഷേപം നടത്തുന്ന കൂട്ടായ്മകളിൽ അംഗങ്ങളാണ്. ‘ഫൈറ്റേഴ്സ്’എന്നറിയപ്പെടുന്ന ഇത്തരം നിരവധി കൂട്ടായ്മകൾ മെസഞ്ചറിലുണ്ട്. ഉപ്പുംമുളകും, ആദിത്യ അദ്വൈത്, നീർമാതളം, അധോലോകം, മൊഞ്ചത്തി, വെള്ളത്തിൽ വീണ പൂച്ച, ആദംജോൺ, അധോലോകം തുടങ്ങിയ പേരുകളിലാണ് കൊച്ചി കേന്ദ്രീകരിച്ചുള്ള ഫൈറ്റർ കൂട്ടായ്മകൾ അറിയപ്പെടുന്നത്.

അറസ്റ്റിലായ കടവന്ത്ര സ്വദേശിയുടെ സഹോദരി മൂന്നുമാസം മുമ്പാണ് ചേരാനല്ലൂർ സ്വദേശിനിയുടെ ജീവിതപങ്കാളിക്കെതിരെ കടവന്ത്ര പൊലീസിൽ പരാതിപ്പെട്ടത്. തന്റെ കുടുംബത്തിലെ 4 കുട്ടികളുടെ പടങ്ങൾ മെസഞ്ചർ കൂട്ടായ്മയിൽ മോശമായി പോസ്റ്റ് ചെയ്തെന്നായിരുന്നു പരാതി. ഈ കേസിൽ സൈബർപൊലീസിന്റെ സഹായത്തോടെ ചേരാനല്ലൂർ സ്വദേശിനിയുടെ ജീവിതപങ്കാളിയായ ഓട്ടോഡ്രൈവറെ കടവന്ത്ര പൊലീസ് അറസ്റ്റുചെയ്തിരുന്നു. ഈ കേസിലും പോക്സോ ചുമത്തി.

ഇയാളുടെ ഭാര്യ നൽകിയ പരാതിയിൽ ചേരാനല്ലൂർ പൊലീസാണ് കഴിഞ്ഞദിവസം കേസെടുത്തത്. തുടർന്നാണ് ആദ്യപരാതിക്കാരിയുടെ സഹോദരനെ അറസ്റ്റുചെയ്തത്. ഇയാൾ അഡ്മിനായ ആദം ജോൺ എന്ന ഫൈറ്റർഗ്രൂപ്പിലാണ് എട്ട് വയസുകാരിയുടെ ചിത്രം പ്രചരിപ്പിച്ചത്. ഒട്ടേറെ ഫൈറ്റർ കൂട്ടായ്മകൾ ഇത് പങ്കുവയ്ക്കുകയും ചെയ്തു. ഇതേപടം പ്രചരിപ്പിച്ച ആദിത്യ അദ്വൈത് എന്ന കൂട്ടായ്മയുടെ അക്കൗണ്ട് ഉടമയെ തിരിച്ചറിയാൻ അന്വേഷണം തുടരുന്നു. രണ്ട് കേസുകളിലെ പ്രതികളും കുടു‌ംബാംഗങ്ങളും അധിക്ഷേപഗ്രൂപ്പുകളിലെ അംഗങ്ങളാണ്. ഫെയ്സ്ബുക്കിൽ പോസ്റ്റുചെയ്യുന്ന കുട്ടികളുടെ പടങ്ങളാണ് ഇവർ മെസഞ്ചറിലും ഉപയോഗിക്കുന്നത്.