1
കുട്ടൻ മാവേലി വേഷത്തിൽ പള്ളുരുത്തിയിൽ

പള്ളുരുത്തി: ഓണാഘോഷത്തിന്റെ ആരവം അടുത്തെത്തിയപ്പോൾ നിറയെ ആഭരണങ്ങളും വലിയകിരീടവും ഓലക്കുടയുമായി മാവേലിവേഷത്തിൽ കുട്ടൻ എത്തി. ഓണം പത്തുവരെ തിരക്കിലാണ് കുട്ടൻ മാവേലി. കഴിഞ്ഞ കുറേവർഷങ്ങളായി ഓണനാളുകളിൽ കുട്ടൻ മാവേലി വേഷത്തിലാണ്. പള്ളുരുത്തിക്കാർക്ക് മാവേലിയെന്നാൽ മനസിൽ ആദ്യം തെളിയുന്നത് കുട്ടൻ മാവേലിയേയാണ്. അത്രമാത്രം സ്വീകാര്യതയാണ് ജനങ്ങളിൽനിന്ന് കുട്ടൻ മാവേലിക്ക് ലഭിക്കുന്നത്.

പള്ളുരുത്തിയിലെ സർക്കാർ ഓഫീസുകളിലും സാംസ്കാരിക സംഘടനകളുടെ ഓണാഘോഷത്തിലും മറ്റു വ്യാപാര സ്ഥാപനങ്ങളിലും ഓണം ആഘോഷിക്കുന്ന ഇടങ്ങളിലെല്ലാം കുട്ടൻ മാവേലി മുഖ്യാതിഥിയാണ്.

കുട്ടന് മാവേലിവേഷം ജീവിതമാർഗമല്ല. ആരാധനയാണ്. അതുകൊണ്ട് കോസ്റ്റ്യൂം വാടകയും മേക്കപ്പ്മാനുള്ള പണവും സ്വന്തം പോക്കറ്റിൽ നിന്നാണ് എടുക്കുന്നത്. ക്രിസ‌്മസിന് സാന്താക്ലോസായും വേഷമിടും. വീടിനോട് ചേർന്നുള്ള പള്ളിയിൽ നബിദിന റാലിയിലും മുന്നിലുണ്ടാകും കുട്ടൻ.

കോൺഗ്രസ് - പാലിയേറ്റീവ് പ്രവർത്തകനാണ് ജയകുമാർ എന്ന പാട്ടത്തിൽ കുട്ടൻ. സാജന്യമായാണ് പല സ്ഥലങ്ങളിലും മാവേലിവേഷത്തിൽ എത്തുന്നത്. പുലർച്ചെ ഇറങ്ങി പാലിയേറ്റീവ് പ്രവർത്തനം തുടങ്ങും. ജാതിമത ഭേദമെന്യേ എല്ലാ ചടങ്ങിലും കുട്ടൻ സജീവമാണ്. വീട് തന്നെയാണ് കുട്ടന്റെ ഓഫീസും .