കൊച്ചി: ഇത്തവണത്തെ ഓണം ഭിന്നശേഷിക്കുട്ടികൾക്കൊപ്പം ആഘോഷമാക്കി കൊച്ചി ലുലുമാൾ ജീവനക്കാർ. ഓണപ്പാട്ടും ഓണക്കളികളും സദ്യയുമൊരുക്കിയാണ് കുരുന്നുകൾക്കായി ഓണവിരുന്ന് ഒരുക്കിയത്. എല്ലാവർഷവും വേറിട്ട പരിപാടികളോടെയാണ് ലുലുവിൽ ഓണാഘോഷം. സമഗ്ര ശിക്ഷാ അഭയാന്റെ കീഴിലുള്ള എറണാകുളം ഗേൾസ് ഹൈസ്‌കൂളിലെ പ്രത്യേക പരിഗണന ആവശ്യമുള്ള 30ലധികം കുട്ടികളും രക്ഷിതാക്കളും ഓണാഘോഷത്തിന്റെ ഭാഗമായി.
രാവിലെ മാളിലൊരുക്കിയ പൂക്കള മത്സരത്തോടെയായിരുന്നു തുടക്കം. പ്രശസ്ത സ്പോർട്ട്‌സ് കമന്റേറ്ററും മാദ്ധ്യമ പ്രവർത്തകനുമായ ഷൈജു ദാമോദരനും ഭാര്യ ആശാ ഷൈജുവും വിധികർത്താക്കളായിരുന്നു. 13 മാവേലികളാണ് മത്സരത്തിൽ പങ്കെടുത്തത്.
ഉച്ചയോടെ പ്രത്യേക വാഹനത്തിൽ മാളിലേക്ക് എത്തിയ ഭിന്നശേഷി കുട്ടികൾക്കുള്ള ഓണ കിറ്റ് ഷൈജു ദാമോദരനും ലുലു ഇന്ത്യ ഡയറക്ടർ ഫഹാസ് അഷറഫും ചേർന്ന് കൈമാറി. പഴയിടം തിരുമേനിയുടെ സദ്യവട്ടത്തോടെയായിരുന്നു ഈ വർഷത്തെ ജീവനക്കാരുടെ ഓണാഘോഷം വിപുലമാക്കിയത്.
ലുലു ഇന്ത്യ എച്ച്.ആർ ഹെഡ് അനൂപ് മജീദ്, പ്രോജക്ട് ഡയറക്ടർ ബാബു വർഗീസ്, മീഡിയ ഹെഡ് എൻ.ബി സ്വരാജ്, കൊച്ചി ലുലു റീജണൽ മാനേജർ സുധീഷ് നായർ, ലുലു മാൾസ് ഇന്ത്യ ഡയറക്ടർ ഷിബു ഫിലിപ്പ്, കൊച്ചി ലുലുമാൾ ജനറൽ മാനേജർ വിഷ്ണു രഘുനാഥ് തുടങ്ങിയവർ പങ്കെടുത്തു.