തൃപ്പൂണിത്തുറ: അത്തം ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ അമ്യൂസ്‌മെന്റ് പാർക്കിലെ ആകാശവഞ്ചിയിൽനിന്ന് തെറിച്ചുവീണ യുവാവിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃപ്പൂണിത്തുറ തെക്കുംഭാഗം സ്വദേശി വിഷ്ണുവിനെയാണ് (34) എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച രാത്രി പത്തോടെ ആയിരുന്നു അപകടം. വിഷ്ണുവിന്റെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. സംഭവത്തെത്തുടർന്ന് പൊലീസ് അന്വേഷണം തുടങ്ങി.
സീറ്റുബെൽറ്റ് അടക്കം യാതൊരുവിധ സുരക്ഷാസംവിധാനങ്ങളും ആകാശ വഞ്ചിയിൽ ഉണ്ടായിരുന്നില്ല. ജനങ്ങളുടെ ജീവന് സുരക്ഷ ഒരുക്കേണ്ടവർ യാതൊരുവിധ പരിശോധനയും നടത്തിയിട്ടില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. യുവാവിനോടൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളും സുരക്ഷാവീഴ്ചയുണ്ടെന്ന് ആരോപിച്ചു.
തൃപ്പൂണിത്തുറ അത്താഘോഷത്തിന്റെ ഭാഗമായി അമ്യൂസ്‌മെന്റ് പാർക്ക് 35 ലക്ഷത്തിലെറെ രൂപയ്ക്കാണ് നഗരസഭ ടെൻഡർ നൽകിയിട്ടുള്ളത്. ബോയ്സ് സ്കൂൾ ഗ്രൗണ്ടിലാണ് വേണ്ടത്ര സുരക്ഷയൊരുക്കാതെ മരണക്കിണർ അടക്കമുള്ള അമ്യൂസ്‌മെന്റ് പാർക്ക് പ്രവർത്തിക്കുന്നതെന്ന് ആരോപണമുയർന്നിരുന്നു.
അപകടത്തെത്തുടർന്ന് അമ്യൂസ്‌മെന്റ് പാർക്കിലെ ആകാശവഞ്ചിയിൽ നഗരസഭ എൻജിനിയറിംഗ് വിഭാഗം പരിശോധന നടത്തി. ആകാശവഞ്ചിയിൽ കയറുന്നവർക്ക് കൂടുതൽ സുരക്ഷയ്ക്കായി സീറ്റുബെൽറ്റ് സ്ഥാപിക്കാൻ നിർദ്ദേശിച്ചു. സുരക്ഷ മുൻനിറുത്തി വഞ്ചിയുടെ രണ്ടറ്റത്തുള്ള സീറ്റുകളിൽ ആളുകളെ പ്രവേശിപ്പിക്കാനും വിലക്കുണ്ടെന്ന് നഗരസഭാധ്യക്ഷ രമ സന്തോഷ് പറഞ്ഞു.