കൊച്ചി: ദേശീയ ദുരന്ത നിവാരണ അതോറിട്ടിയുടെ ഫ്ലഡ് റിസ്‌ക് മാനേജ്‌മെന്റ് പദ്ധതിയിൽ കൊച്ചി നഗരത്തെ ഉൾപ്പെടുത്തിയതായി മേയർ അഡ്വ.എം. അനിൽകുമാർ അറിയിച്ചു. കാലാവസ്ഥാ വ്യതിയാനവും പ്രവചനാതീതമായി മാറിയിട്ടുള്ള മൺസൂൺ രീതികളും കനത്ത മഴയ്ക്കും വെള്ളക്കെട്ടിനും കാരണമാകുന്നു.
നിലവിലുള്ള ഭരണസമിതിയുടെ കാലയളവിൽ കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് നിവാരണം വളരെ ഫലപ്രദമായി മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞിട്ടുണ്ടെന്ന് മേയർ പറഞ്ഞു. നഗരത്തിൽ ഡ്രെയിനേജ് മാസ്റ്റർപ്ലാൻ ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പിലാക്കുന്നതിന് എൻ.ഡി.എം.എ ഫണ്ടിൽനിന്ന് കൂടുതൽതുക അനുവദിക്കണമെന്ന് ഭരണസമിതി അഭ്യർത്ഥിച്ചിരുന്നു. ഇതേത്തുടർന്ന് 222 കോടിയുടെ ധനസഹായമാണ് അനുവദിച്ചിട്ടുള്ളത്. ഇതിൽ 200കോടിരൂപ കേന്ദ്രവും, 22കോടി സംസ്ഥാനവുമാണ് അനുവദിക്കുക. തുക ലഭിക്കുന്നതിനായി വിശദമായ പദ്ധതിരേഖ തയ്യാറാക്കി സമർപ്പിക്കും. അത് പരിശോധിച്ചതിന് ശേഷമായിരിക്കും കേന്ദ്രസർക്കാർ പണം അനുവദിക്കുക.
ആഭ്യന്തരവകുപ്പിന് കീഴിലുള്ള ദേശീയ ദുരന്തനിവാരണ അതോറിട്ടി കാലാവസ്ഥ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിലാണ് പണം അനുവദിച്ചിട്ടുള്ളത്. കൊച്ചി നഗരസഭയെ ഈ സ്‌കീമിൽ ഉൾപ്പെടുത്തിയതിന് കേന്ദ്രസർക്കാർ, ആഭ്യന്തര മന്ത്രാലയം, ദേശീയ ദുരന്തനിവാരണ അതോറിട്ടി, ഇതിനായി മുൻകൈയെടുത്ത മുൻ ജില്ലാ കളക്ടർ എം.ജി. രാജമാണിക്യം എന്നിവരോടെല്ലാം നന്ദിയുണ്ടെന്ന് മേയർ പറഞ്ഞു.