ആലുവ: 171 -ാമത് ശ്രീനാരായണ ഗുരുദേവ ജയന്തിയാഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു നയിച്ച നാല് ദിവസത്തെ ദിവ്യജ്യോതി പ്രയാണത്തിന് കുറുമശേരി ശാഖയിൽ ഭക്തിസാന്ദ്രമായ സമാപനം.

ഇന്നലെ രാവിലെ ഒമ്പതിന് സൗത്ത് അടുവാശേരി ശാഖയിൽ നിന്നാണ് ആരംഭിച്ചത്. തുടർന്ന് മാലായിക്കുന്ന്, നോർത്ത് അടുവാശേരി, കുന്നുകര, വയൽക്കര, ചാലാക്ക, എസ്.എൻ മെഡിക്കൽ കോളേജ്, തേലത്തുരുത്ത്, ചെറുകടപ്പുറം, അയിരൂർ, പാറക്കടവ്, പൂവത്തുശേരി, ചെട്ടിക്കുളം, കോടുശേരി, പുളിയനം, എളവൂർ വടക്കേക്കര, എളവൂർ ശാഖകളിലെ സ്വീകരണത്തിന് ശേഷം കുറുമശേരിയിൽ സമാപിച്ചു.

സമാപന സമ്മേളനം ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് എ.എൻ. രാജൻ അദ്ധ്യക്ഷനായി. ജാഥ ക്യാപ്ടൻ വി. സന്തോഷ് ബാബു, കൗൺസിലർമാരായ വി.എ. ചന്ദ്രൻ, ടി.എസ്. സിജുകുമാർ, കെ.ബി. അനിൽകുമാർ, ഷിബി ബോസ്, വിജയൻശാന്തി, ടി.കെ. രാജപ്പൻ, ശാഖാ സെക്രട്ടറി എം.കെ. ശശി എന്നിവർ സംസാരിച്ചു. നാല് ദിവസങ്ങളിലായി യൂണിയൻ പരിധിയിലെ 61 ശാഖകളിലും ജ്യോതിക്ക് സ്വീകരണം നൽകി.

ജയന്തി മഹാഘോഷയാത്ര ഏഴിന്

ആലുവ അദ്വൈതാശ്രമത്തിന്റെ സഹകരണത്തോടെ ആലുവ യൂണിയൻ സംഘടിപ്പിക്കുന്ന ജയന്തി മഹാഘോഷയാത്ര ഏഴിന് നടക്കും. വൈകിട്ട് മൂന്നിന് ആലുവ അദ്വൈതാശ്രമ കവാടത്തിൽ എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ ഫ്ളാഗ് ഓഫ് ചെയ്യും. 61 ശാഖകളിൽ നിന്നായി 20,000ത്തോളം ശ്രീനാരായണീയർ പങ്കെടുക്കും. നഗരം ചുറ്റി ഘോഷയാത്ര തിരികെ അദ്വൈതാശ്രമത്തിൽ സമാപിക്കും.

സെപ്തംബർ 14ന് രാവിലെ പത്തിന് ആലുവ എസ്.എൻ.ഡി.പി സ്കൂളിൽ നടക്കുന്ന പൊതുസമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. വി. സന്തോഷ് ബാബു അദ്ധ്യക്ഷനാകും. യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമന്റെ സാന്നിദ്ധ്യത്തിൽ നടക്കുന്ന സമ്മേളനത്തിൽ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തും. ഘോഷയാത്രയിൽ വിവിധ കാറ്റഗറിയിൽ സമ്മാനം നേടിയ ശാഖകൾക്ക് ട്രോഫിയും ക്യാഷ് അവാർഡുകളും വിതരണം ചെയ്യും.