കോലഞ്ചേരി: പുത്തൻകുരിശിൽ സ്വകാര്യ പണമിടപാട് സ്ഥാപനം ജപ്തി ചെയ്ത കുടുംബത്തിന് ആശ്വാസം. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ പ്രശ്നത്തിൽ ഇടപെട്ടതോടെ പ്രവാസി കോൺഗ്രസ് കടബാദ്ധ്യത മുഴുവൻ ഏറ്റെടുക്കുമെന്ന് അറിയിച്ചു. കോട്ടയം പാലാ സ്വദേശിയും അമേരിക്കയിലെ ഹൂസ്റ്റണിൽ സ്ഥിരതാമസക്കാരനുമായ ജോസ് തോട്ടുങ്കൽ പണം നൽകാൻ സന്നദ്ധതയറിച്ചതായി വീട്ടുകാരെ അറിയിച്ചു. മലേക്കുരിശ് സ്വദേശി സ്വാതിയുടെ വീടാണ് കഴിഞ്ഞ ദിവസം ജപ്തി ചെയ്തത്. ഒരു വയസുള്ള കുട്ടിയും മുത്തശിയുമായിരുന്നു ആ സമയം വീട്ടിൽ. സ്വാതി പിന്നീടാണ് എത്തിയത്. രണ്ടേകാൽ സെന്റ് വീട് പണയപ്പെടുത്തി 2109 ൽ 5 ലക്ഷം രൂപയാണ് ലോണെടുത്തത്. മൂന്നു വർഷമായി തിരിച്ചടവ് മുടങ്ങിയതോടെയാണ് ജപ്തി നടപടികളിലേയ്ക്ക് നീങ്ങിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പി.വി. ശ്രീനിജിൻ എം.എൽ.എയുടെ നേതൃത്വത്തിൽ പൂട്ട് പൊളിച്ച് ചൊവ്വാഴ്ച രാത്രി വീട്ടുകാരെ അകത്ത് പ്രവേശിപ്പിച്ചിരുന്നു.