വൈപ്പിൻ: മാലിപ്പുറം ബീച്ച് റോഡിൽ ഒരേക്കറിലധികം വരുന്ന പാടം കഴിഞ്ഞ ദിവസം രാത്രിയിൽ സ്വകാര്യ വ്യക്തി നികത്തുന്നതിൽ പ്രതിഷേധിച്ച് സി.പി.ഐ പ്രവർത്തകർ എളങ്കുന്നപ്പുഴ വില്ലേജ് ഓഫീസറെ ഉപരോധിച്ചു. നേരത്തെ ഈ പാടം നികത്തിയതിനെതിരെ പ്രതിഷേധം ഉയർന്നപ്പോൾ 023 ജനുവരിയിൽ വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. എന്നാൽ പാടം ഉടമയ്ക്ക്
ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടായതിനെ തുടർന്നാണ് നികത്തൽ പുനരാരംഭിച്ചത്. വില്ലേജ് ഓഫീസർ, ആർ.ഡി.ഒ, താലൂക്ക് ഓഫീസ് ഉദ്യോഗസ്ഥർ എന്നിവരുടെ ഒത്താശയോടെയാണ് ഉടമക്ക് അനുകൂല വിധി സമ്പാദിക്കാൻ കഴിഞ്ഞതെന്നാണ് സി.പി.ഐയുടെ ആരോപണം. ഈ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു ഉപരോധം.
വൈപ്പിൻ മണ്ഡലം സെക്രട്ടറി കെ.എൽ. ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. അഡ്വ. എൻ.കെ. ബാബു, കെ.ജെ. ഫ്രാൻസിസ്, ടി.കെ. ഗോപാലകൃഷ്ണൻ, പി.ജെ. കുശൻ, സി.എ. കുമാരി, ടി.എ. ആന്റണി, പി.ജി. ഷിബു, ഡോളർമാൻ കോമത്ത്, പി.എസ്. സുനിൽ കുമാർ എന്നിവർ സംസാരിച്ചു. ഭൂരേഖാ തഹസിൽദാർ കെ.കെ. ജയേഷ് വില്ലേജ് ഓഫീസിലെത്തി സമരക്കാരുമായി ചർച്ച നടത്തിയ പുനഃപരിശോധനാ ഹർജി നൽകുമെന്നും അവസാന വിധി വരും വരെ തത്സ്ഥിതി തുടരാൻ ഉടമയോട് ആവശ്യപ്പെടുമെന്നും ഉറപ്പ് നൽകിയതിനെ തുടർന്ന് സമരം അവസാനിച്ചു.