മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയുടെ നേതൃത്വത്തിൽ വളക്കുഴി ഡമ്പിംഗ് യാർഡിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഓണാഘോഷം നഗരസഭാ ചെയർപേഴ്സൺ പി.പി. എൽദോസ് ഉദ്ഘാടനം ചെയ്തു. അര നൂറ്റാണ്ടായി നഗരത്തിന്റെ മാലിന്യം പേറുന്ന വളക്കുഴി വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ നഗരസഭ കൗൺസിൽ നാളുകളായി പ്രവർത്തനം നടത്തി വരികയാണ്. പത്ത് കോടിയിലധികം രൂപ ചിലവഴിച്ച് ബയോ മൈനിംഗ് അടക്കം നടത്തി വളക്കുഴിയെ മാലിന്യ മുക്തമാക്കുന്ന പ്രവർത്തനങ്ങൾക്ക് ശക്തി പകരുന്നതിനും പ്രദേശത്തെ വൃത്തിയും ശുചിത്വവും പൊതു സമൂഹത്തെ ബോദ്ധ്യപ്പെടുത്തുന്നതിനുമാണ് സദ്യ അടക്കമുളള വിപുലമായ ഓണാഘോഷം സംഘടിപ്പിക്കാൻ തീരുമാനിച്ചതെന്നും പി.പി. എൽദോസ് പറഞ്ഞു.
വൈസ് ചെയർപഴ്സൺ സിനി ബിജു അദ്ധ്യക്ഷയായി. മാത്യു കുഴൽനാടൻ എം.എൽ.എ, ശുചിത്വ മിഷൻ ജില്ല കോഓർഡിനേറ്റർ ഡോ. ശീതൾ കെ. മോഹൻ, ജില്ല പ്രോഗ്രാം കോഓർഡിനേറ്റർ ധന്യ റോണി, നഗരസഭാ സെക്രട്ടറി എച്ച്. സിമി, ക്ലീൻ സിറ്റി മാനേജർ എച്ച്. നൗഷാദ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.എം. അബ്ദുൾ സലാം, അജി മുണ്ടാട്ട്, ജോസ് കുര്യാക്കോസ്, കൗൺസിലർമാരായ സെബി കെ. സണ്ണി, രാജശ്രി രാജു, മേരി ചാക്കോ, അമൽ ബാബു, അസം ബീഗം, ലൈല ഹനീഫ, ജോയിസ് മേരി ആന്റണി, ജോളി മണ്ണൂർ, ജിനു മടേക്കൽ, കെ.കെ. സുബൈർ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ ഹരിത കർമ്മ സേന അംഗങ്ങൾക്ക് ബോണസ് വിതരണം ചെയ്തു.
പ്രതിഷേധവുമായി പ്രതിപക്ഷം
മൂവാറ്റുപുഴ : മാലിന്യപ്രശ്നത്താൽ നരകയാതന അനുഭവിക്കുന്ന മൂവാറ്റുപുഴ നിവാസികളുടെ കണ്ണിൽ പൊടിയിടാൻ യു.ഡി.എഫ് നേതൃത്വത്തിലുള്ള നഗരസഭാ ഭരണസമിതി ഡമ്പിംഗ് യാർഡിൽ നടത്തിയ ഓണാഘോഷവും ഓണസദ്യയും നഗരവാസികളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ കൗൺസിലർമാർ ആരോപിച്ചു. ഗുരുതര ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടാൻ സാദ്ധ്യതയുള്ള പ്രദേശത്താണ് ഓണസദ്യയൊരുക്കിയത്. സംസ്ഥാന സർക്കാർ 10 കോടി 86 ലക്ഷം രൂപ മാലിന്യ സംസ്കരണത്തിനായി അനുവദിച്ചിട്ടും ഫലപ്രദമായി ഉപയോഗിക്കാതെ ഇവിടെ സദ്യയൊരുക്കിയത് ഓണത്തെ അപഹസിക്കുന്നതിന് തുല്യമാണെന്നും കൗൺസിലർമാർ പറഞ്ഞു.
ജനങ്ങളെ കബളിപ്പിക്കുന്ന നടപടിക്കെതിരെ എൽ.ഡി.എഫ് നേതൃത്വത്തിൽ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു. ഡമ്പിംഗ് യാഡിന് മുൻപിൽ സംഘടിപ്പിച്ച പ്രതിഷേധം സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ. അനീഷ് എം. മാത്യു ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കൗൺസിലർ കെ.ജി. അനിൽകുമാർ അദ്ധ്യക്ഷനായി. മുനിസിപ്പൽ മുൻ ചെയർമാൻമാരായ യു.ആർ. ബാബു, എം.എ. സഹീർ, കൗൺസിലർമാരായ ആർ. രാകേഷ്, പി.വി. രാധാകൃഷ്ണൻ, വി.എ. ജാഫർ സാദിഖ്, മീരാകൃഷ്ണൻ, ഫൗസിയ അലി, നെജില ഷാജി, സുധ രഘുനാഥ്, അർബൻ ബാങ്ക് ഡയറക്ടറായ സജി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.എ. റിയാസ് ഖാൻ എന്നിവർ സംസാരിച്ചു.