കുറുപ്പംപടി: എസ്.എൻ.ഡി.പിയോഗം കുന്നത്തുനാട് യൂണിയന്റെ കീഴിലുള്ള 890-ാം നമ്പർ അശമന്നൂർ ശാഖയുടെ ഗുരുജയന്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് വാഹന പ്രചാരണ വിളംബര ജാഥ നടന്നു. ശാഖാപ്രസിഡന്റ് എം.പി. നാരായണന്റെയും ആഘോഷ കമ്മിറ്റി കൺവീനർ വി.ആർ. സജീവന്റെയും നേതൃത്വത്തിൽ നടന്ന വിളംബരജാഥയ്ക്ക് വിവിധ കുടുംബ യൂണിറ്റുകളും മൈക്രോ ഫിനാൻസ് യൂണിറ്റുകളും സ്വീകരണം നൽകി. ജയന്തി ദിനമായ 7ന് രാവിലെ 8 മണിക്ക് ഗുരുപൂജ, പറ നിറ, ഗുരുപുഷ്പാഞ്ജലി എന്നിവ നടക്കും. 10ന് താളമേളങ്ങളുടെ അകമ്പടിയോടെ ശാഖയിൽ നിന്ന് ആരംഭിക്കുന്ന ജയന്തി ഘോഷയാത്ര കനാൽ റോഡ്, ചെറുകുന്നം കളമ്പാടംവഴി ശാഖാങ്കണത്തിൽ എത്തിചേരും.
ഉച്ചക്ക് 12ന് പ്രസാദ ഊട്ടിന് ശേഷം 2ന് നടക്കുന്ന ജയന്തി സമ്മേളനം കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം വിപിൻ കോട്ടക്കൂടി ഉദ്ഘാടനം ചെയ്യും. ശാഖാപ്രസിഡന്റ് എം.പി. നാരായണൻ അദ്ധ്യക്ഷനാകും. എൻ.പി. രാജീവ് (തുറവൂർ) പ്രഭാഷണം നടത്തും. ശാഖാ സെക്രട്ടറി അഡ്വ. സിന്ധു സന്തോഷ്, വൈസ് പ്രസിഡന്റ് വി.എസ്. പ്രതാപൻ എന്നിവർ സംസാരിക്കും. വിദ്യാഭ്യാസ ധനസഹായ വിതരണവും മെഗാ നറുക്കെടുപ്പും നടക്കും.