കൊച്ചി: തിരുവിതാംകൂർ ദേവസ്വംബോർഡ് നടത്താൻ നിശ്ചയിച്ച ആഗോള അയ്യപ്പസംഗമത്തിന് ബദലായി ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ ശബരിമല സംരക്ഷണസംഗമം നടത്തും. 22ന് പന്തളത്താണ് സംഗമം. ദേവസ്വം ബോർഡിനെ മുന്നിൽനിറുത്തി രാഷ്ട്രീയനേട്ടത്തിനായി സി.പി.എം നടത്തുന്ന അയ്യപ്പസംഗമത്തിലെ കാപട്യം ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടുകയാണ് ലക്ഷ്യമെന്ന് സമിതി ജനറൽ കൺവീനർ എസ്.ജെ.ആർ. കുമാർ പറഞ്ഞു. ശബരിമല പ്രക്ഷോഭത്തെ തുടർന്ന് നഷ്ടപ്പെട്ട ഹൈന്ദവവോട്ടുകൾ തിരിച്ചുപിടിക്കാൻ നടത്തുന്ന കപടനാടകം തുറന്നുകാട്ടും. യുവതീ പ്രവേശനത്തിൽ സർക്കാരിന്റെയും സി.പി.എമ്മിന്റെയും നിലപാട് വ്യക്തമാക്കണം. അന്ന് വിശ്വാസികൾക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കാൻ സർക്കാർ തയ്യാറാകുമോയെന്നും ഭാരവാഹികൾ ചോദിച്ചു.
ഹിന്ദു ഐക്യവേദി പ്രസിഡന്റ് ആർ.വി. ബാബു, കേരള ക്ഷേത്രസംരക്ഷണ സമിതി വൈസ് പ്രസിഡന്റ് എം. മോഹനൻ, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജോയിന്റ് സെക്രട്ടറി അഭിനു സുരേഷ്, അയ്യപ്പ സേവാസംഘം പ്രതിനിധി കെ.സി. നരേന്ദ്രൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.