guru

പറവൂർ: എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയന്റെ നേതൃത്വത്തിൽ 28 ദിവസം നീണ്ടുനിന്ന ശ്രീനാരായണ ജയന്തി ആഘോഷങ്ങൾക്ക് സമാപനം കുറിച്ചുള്ള സാംസ്കാരിക ഘോഷയാത്രയും സമാപന സമ്മേളനവും 7ന് നടക്കും. ഘോഷയാത്രയിൽ യൂണിയന് കീഴിലെ 72 ശാഖായോഗങ്ങളിൽ നിന്നുള്ള 25,000 ശ്രീനാരായണീയർ പങ്കെടുക്കും. വൈകിട്ട് മൂന്നിന് ചേന്ദമംഗലം കവലയിലെ യൂണിയൻ ആസ്ഥാനത്ത് നിന്ന് ഘോഷയാത്ര ആരംഭിക്കും. കച്ചേരിപ്പടി, മുനിസിപ്പൽ കവല, കെ.എം.കെ കവല, പുല്ലംകുളം, ചേന്ദമംഗലം കവല വഴി നഗരംചുറ്റി സമ്മേളനവേദിയായ പഴയ യൂണിയൻ ഓഡിറ്റോറിയത്തിൽ ഘോഷയാത്ര എത്തിച്ചേരും. വാദ്യമേളങ്ങൾ, കലാരൂപങ്ങൾ, നിശ്ചലദൃശ്യങ്ങൾ എന്നിവ അകമ്പടി സേവിക്കുന്ന ഘോഷയാത്രക്ക് യൂണിയൻ ഭാരവാഹികൾ നേതൃത്വം നൽകും. തൊട്ടുപിന്നിലായി വനിതാസംഘം, യൂത്ത്മൂവ്മെന്റ് തുടങ്ങിയ പോഷകസംഘടന യൂണിയൻ ഭാരവാഹികൾ അനുഗമിക്കും. നഗരത്തിലെ വിവിധയിടങ്ങളിൽ നിന്ന് വ്യത്യസ്ത ബാനറിൽ 72 ശാഖകളുടെ ഭാരവഹികളും പ്രവ‌‌ർത്തകരും ഘോഷയാത്രയിൽ അണിചേരും.

 ജയന്തി സമാപനസമ്മേളനം

വൈകിട്ട് അഞ്ചിന് ജയന്തി സമാപനസമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. യൂണിയൻ ചെയർമാൻ സി.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ മുഖ്യാതിഥിയാകും. ഹൈബി ഈഡൻ എം.പി. ജയന്തിദിനസന്ദേശം നൽകും. നഗരസഭ ചെയർപേഴ്സൺ ബീന ശശിധരൻ വിശിഷ്ടവ്യക്തികളെ ആദരിക്കും.

നഗരസഭ പ്രതിപക്ഷനേതാവ് ടി.വി. നിധിൻ വിദ്യാഭ്യാസ അവാർഡ് വിതരണവും നഗരസഭ കൗൺസിലർ രഞ്ജിത്ത് മോഹൻ കലാമത്സര സമ്മാനദാനവും നിർവഹിക്കും. യൂണിയൻ കൺവീനർ ഷൈജു മനയ്ക്കപ്പടി, യോഗം കൗൺസിലർ ഇ.എസ്. ഷീബ, യോഗം ഡയറക്ടർമാരായ പി.എസ്. ജയരാജ്, എം.പി. ബിനു, ഡി. ബാബു, യൂണിയൻ കമ്മിറ്റി അഡ്മിനിസ്ട്രറ്റീവ് കമ്മിറ്റി അംഗങ്ങളായ കണ്ണൻ കൂട്ടുകാട്, വി.എൻ. നാഗേഷ്, ഡി. പ്രസന്നകുമാർ, പെൻഷനേഴ്സ് ഫോറം ചെയർമാൻ പി.ടി. ശിവസുതൻ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഷൈജ മുരളീധരൻ, യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറി നിഖില ദിലീപ്, എംപ്ളോയീസ് ഫോറം ജില്ലാകമ്മിറ്റി അംഗം എൻ.കെ. സജീവ്, വൈദികയോഗം യൂണിയൻ പ്രസിഡന്റ് അഖിൽശാന്തി, സൈബർസേന യൂണിയൻ സെക്രട്ടറി വി.ആർ. ഡോസൻ, എം.എഫ്. ഐ യൂണിയൻ കോ ഓഡിനേറ്റ‌ർ ജോഷി പല്ലേക്കാട്ട് എന്നിവർ സംസാരിക്കും.

 എച്ച്.എം.ഡി.പി സഭ

വടക്കേക്കര ഹിന്ദുമത ധർമ്മപരിപാലന സഭയുടെ നേതൃത്വത്തിൽ ജയന്തി ആഘോഷം ഗുരുദേവൻ പ്രതിഷ്ഠാകർമ്മം നിർവഹിച്ച മൂത്തകുന്നം ശ്രീനാരായണമംഗലം ക്ഷേത്രത്തിൽ രാവിലെ 5.15ന് വിശേഷാൽപൂജയോടെ തുടങ്ങും. 6.30ന് ക്ഷേത്രാങ്കണത്തിലെ ഗുരുദേവ മണ്ഡപത്തിൽ വിശേഷാൽപൂജ, 8ന് സഭ പ്രസിഡന്റ് കെ.വി. അനന്തൻ പീതപാതക ഉയർത്തും. ഒമ്പതിന് ജയന്തിദിന ഘോഷയാത്ര, പത്തിന് ജയന്തിദിന സമ്മേളനത്തിൽ മൂത്തകുന്നം എസ്.എൻ.എം ട്രെയിനിംഗ് കോളേജ് അസി. പ്രൊഫ. കെ.എസ്. കൃഷ്ണകുമാർ പ്രഭാഷണം നടത്തും. കെ.വി. അനന്തൻ അദ്ധ്യക്ഷനാകും. സഭ സെക്രട്ടറി കെ.എസ്. ബാലസുബ്രഹ്മണ്യം, മാല്യങ്കര എസ്.എൻ.എം കോളേജ് പ്രിൻസിപ്പൽ ഡോ. ടി.എച്ച്. ജിത, ആഘോഷ കമ്മിറ്റി കൺവീനർ സി.ജി. ജയറാം എന്നിവർ സംസാരിക്കും.

 പറവൂർ ഈഴവ സമാജം

പറവൂർ ഈഴവ സമാജത്തിന്റെ നേതൃത്വത്തിൽ പറവൂത്തറ ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ രാവിലെ മുതൽ ഗുരുനാമ സങ്കീർത്തനം തുടർന്ന് ഗുരുപൂജ, 10.30 ന് പ്രസാദഊട്ട്. പറവൂർ പുല്ലംകുളം ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിലെ ഗുരുദേവമണ്ഡപത്തിൽ രാവിലെ എട്ടിന് സമൂഹപ്രാർത്ഥന, പുഷ്പാർച്ചന എന്നിവ നടക്കും. വൈകിട്ട് 3.30ന് ജയന്തി ഘോഷയാത്രയ്ക്ക് ചേന്ദമംഗലം കവലയിലുള്ള ഈവഴസമാജം ഷോപ്പിംഗ് കോംപ്ളക്സിൽ സ്വീകരണം നൽകും. സമാജം പ്രസിഡന്റ് സി.ആർ. സന്തോഷ് കുമാർ, സെക്രട്ടറി ജ്യോതി ശങ്കരമാലിൽ എന്നിവർ നേതൃത്വം നൽകും.

ഗുരുദേവ സംഘമിത്ര

ചേന്ദമംഗലം പാലാതുരുത്ത് ഗുരുദേവ സംഘമിത്രയിൽ പുലർച്ചെ ഗുരുമണ്ഡപത്തിൽ വിശേഷാൽപൂജ, രാവിലെ ആറിന് സമൂഹഹോമം, എട്ട് മുതൽ സമൂഹപ്രാർത്ഥന, ഗുരുപുഷ്പാഞ്ജലി. 9.30 ന് ചതയദിന സമ്മേളനം മുൻ എം.എൽ.എ കെ.എൻ.എ. ഖാദർ ഉദ്ഘാടനം ചെയ്യും. സംഘമിത്ര പ്രസിഡന്റ് എം.പി. അനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. എസ്.എൻ.ഡി.പി യോഗം കൗൺസിലർ ഇ.എസ്. ഷിബ മുഖ്യപ്രഭാഷണവും നടത്തും. എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, സംഘമിത്ര സെക്രട്ടറി എം.എം. പവിത്രൻ, ട്രഷറർ എം.ആർ. സുനിൽ എന്നിവർ സംസാരിക്കും. ഉച്ചയ്ക്ക് 12ന് വിദ്യാഭ്യാസ പുരസ്കാരദാനം മുൻ എം.പി കെ.പി. ധനപാലൻ നിർവഹിക്കും. 12.30ന് തിരുഅവതാരസദ്യ.