കൊച്ചി: മഹാബലിയുടെ ഐതിഹ്യമുറങ്ങുന്ന തൃക്കാക്കര വാമനമൂ‌‌ർത്തി ക്ഷേത്രത്തിലെ തിരുവോണമഹോത്സവം ഇന്ന് സമാപിക്കും. രാവിലെ 7.30ന് മഹാബലി എതിരേൽപ്പ്, രാവിലെ 10.30 മുതൽ തിരുവോണസദ്യ 4.30ന് കൊടിയിറക്കൽ, തുടർന്ന് ആറാട്ട് തുടങ്ങിയവയാണ് ഇന്നത്തെ പ്രധാന ചടങ്ങുകൾ. മഹാബലിയെ വാമനൻ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയത് ഇവിടെ വച്ചാണെന്നാണ് വിശ്വാസം.

മഹാബലിയേയും മഹാവിഷ്ണുവിന്റെ അവതാരമായ വാമനമൂർത്തിയെയും ഒരുപോലെ ആരാധിക്കുന്ന അപൂർവതയാണ് തൃക്കാക്കര തിരുവോണം മഹോത്സവത്തിന്റെ സവിശേഷത. ഇന്ന് രാവിലെ 10.30ന് തുടങ്ങുന്ന തിരുവോണ സദ്യയിൽ ഇരുപതിനായിരത്തിലധികം ആളുകൾ പങ്കെടുക്കും. അവിയൽ, 108 കറികൾക്ക് സമമെന്ന് കരുതുന്ന ഇഞ്ചിത്തൈര്, രസം എന്നിവയാണ് വിശേഷപ്പെട്ട വിഭവങ്ങൾ. തിരുവോണനാളിൽ തൃക്കാക്കര നിവാസികളുടെ ഓണസദ്യ ക്ഷേത്രത്തിലാണ്.

തൃക്കാക്കര, തൃക്കാക്കരയിലല്ല

വാമനാവതാരം പൂണ്ട മഹാവിഷ്ണു കാൽവച്ച സ്ഥലമായതിനാൽ തിരുകാൽക്കരയെന്ന് സ്ഥലപ്പേരുണ്ടായെന്നും അതുപിന്നീട് തൃക്കാക്കര ആയെന്നുമാണ് ഐതിഹ്യം. ഇന്ന് തൃക്കാക്കര എന്നപേരിൽ ഒരു നിയമസഭ നിയോജകമണ്ഡലവും മുനിസിപ്പാലിറ്റിയുമുണ്ട്. എന്നാൽ ഐതീഹ്യപ്പെരുമയുള്ള തൃക്കാക്കര വാമനമൂർത്തി ക്ഷേത്രം തൃക്കാക്കര നിയോജക മണ്ഡലത്തിലോ തൃക്കാക്കര മുനിസിപ്പാലിറ്റിയിലൊ അല്ല. മന്ത്രി പി.രാജീവ് പ്രതിനിധാനം ചെയ്യുന്ന കളമശേരി നിയോജക മണ്ഡലത്തിലും കളമശേരി മുനിസിപ്പാലിറ്റിയിലുമാണ്. ക്ഷേത്രത്തിനു മുമ്പിലൂടെ കടന്നുപോകുന്ന പുക്കാട്ടുപടി റോഡാണ് കളമശേരി, തൃക്കാക്കര മണ്ഡലങ്ങളുടെ അതിർത്തി. തൃക്കാക്കര വില്ലേജ് ഓഫീസ് ഇടപ്പള്ളിയിലാണ്. തൃക്കാക്കര പി.ഒ, പിൻകോഡ് 682021 എന്നിവിലാസത്തിൽ ഒരു തപാൽ ഓഫീസ് ഉണ്ടായിട്ട് കാൽനൂറ്റാണ്ട് ആയിട്ടുള്ളു. ക്ഷേത്രത്തിന്റെ സമീപവാസിയായ സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. കെ. ശിവപ്രസാദിന്റെ ശ്രമങ്ങളുടെ ഫലമായാണ് പോസ്റ്റൽ മാപ്പിൽ കൊച്ചി 682021 തൃക്കാക്കര പി.ഒ പിറന്നത്!

ക്ഷേത്രം നിലനിൽക്കുന്ന പ്രദേശം തൃക്കാക്കര മണ്ഡലത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് ഓംബുഡ്സ്മാന്റെ ഉത്തരവും ജില്ലാ കളക്ടറുടെ അനുകൂലമായ റിപ്പോർട്ടും നിലവിലുണ്ട്. ക്ഷേത്രോത്സവത്തിന് കളമശേരി മുനിസിപ്പാലിറ്റി 10 ലക്ഷം സംഭാവന നൽകാറുണ്ട്. തൃക്കാക്കര മുനിസിപ്പാലിറ്റിയുടെ ഓണാഘോഷം സമാപിക്കുന്നതും വാമനമൂർത്തി ക്ഷേത്രത്തിലാണ്.