
ഉമ തോമസ് എം.എൽ.എയുടെ ജംഗ്ഷൻ വികസന പദ്ധതിക്ക് അംഗീകാരം, രണ്ടു മാസത്തിനകം നിർമ്മാണം തുടങ്ങും
കൊച്ചി: കൊച്ചി നഗരത്തിലേക്കുള്ള പ്രവേശന കവാടമായ പേട്ട ജംഗ്ഷനെ മനോഹരമാക്കാൻ തൃക്കാക്കര എം.എൽ.എ ഉമ തോമസിന്റെ ഒരു കോടിയുടെ തിരുവോണ സമ്മാനം. ട്രാഫിക് കുരുക്കിൽപ്പെട്ടും അലങ്കോലമായി കിടക്കുന്നതുമായ പേട്ട ജംഗ്ഷന്റെ രൂപം അടിമുടി മാറ്റുവാൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 99.70 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. 25 മീറ്റർ വ്യാസമുള്ള റൗണ്ട് എബൗട്ടാണ് ജംഗ്ഷൻ വികസനത്തിന്റെ പ്രധാന ആകർഷണം.
പൊതുമരാമത്ത് വകുപ്പ്, കെ.എസ്.ഇ.ബി, വാട്ടർ അതോറിട്ടി, ബി.എസ്.എൻ.എൽ, ദേശീയപാതാ അതോറിട്ടി. കൊച്ചി മെട്രോ തുടങ്ങിയ വിഭാഗങ്ങളെ പങ്കെടുപ്പിച്ച് പേട്ട ജംഗ്ഷൻ വികസനത്തിനായി വേണ്ട നടപടികൾ സ്വീകരിക്കുന്നതിന് ഉമ തോമസ് യോഗങ്ങൾ നടത്തിയിരുന്നു. ഇക്കാര്യങ്ങൾ സംബന്ധിച്ച് ധാരണകൾ ഉള്ളതിനാൽ നിർമ്മാണം വേഗം പൂർത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷ. പൊതുമരാമത്ത് വകുപ്പിനാണ് നിർമ്മാണ ചുമതല, ടെൻഡർ നടപടികൾ ആരംഭിച്ചു. രണ്ട് മാസത്തിനകം നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കാനാകും.
• പേട്ട ജംഗ്ഷൻ വികസന പദ്ധതി
25 മീറ്റർ വ്യാസമുള്ള റൗണ്ട്എബൗട്ട്
14 മീറ്റർ വീതിയിൽ ചുറ്റിലും റോഡ്
ഫുട്പാത്ത്
ബസ് സ്റ്റോപ്പ്
ഡ്രെയിനേജ്
എൻ.എച്ചിന്റെ സ്ഥലം
പേട്ട ജംഗ്ഷൻ ദേശീയപാത അതോറിട്ടിയുടെ ഉടമസ്ഥതയിലാണ്. അവരുടെ മേൽനോട്ടത്തിലാകും നിർമ്മാണം, ഇതിനുള്ള എൻ.ഒ.സി ലഭ്യമായി. നിലവിലെ ബസ് സ്റ്റോപ്പ് പെട്രോൾ പമ്പിന് മുന്നിലേക്ക് മാറ്റും. വാട്ടർ അതോറിട്ടി പൈപ്പുകൾ, ബി.എസ്.എൻ.എൽ ലൈനുകൾ, കെ.എസ്.ഇ.ബി ലൈനുകൾ എന്നിവ മാറ്റാൻ 30 ലക്ഷം രൂപ ചെലവാകും.
പേട്ട പണ്ടേ തലവേദന
മെട്രോ പാതയുടെ വരവോടെയാണ് പണ്ടേ ആശയക്കുഴപ്പമുണ്ടാക്കുന്ന പേട്ട ജംഗ്ഷൻ കൂടുതൽ അലങ്കോലമായത്. വൈറ്റിലയിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് മരട് റോഡിലേക്ക് കയറാനും അവിടെ നിന്നുള്ളവയ്ക്ക് തൃപ്പൂണിത്തുറ ഭാഗത്തേക്ക് തിരിയാനും കൃത്യമായ ഒരു വ്യവസ്ഥയും ഇവിടെയില്ല. ജംഗ്ഷനിൽ തന്നെയുള്ള ബസ് സ്റ്റോപ്പും ഓട്ടോ സ്റ്റാൻഡും വലിയ തലവേദനയാണ്. അപകടങ്ങളും വാക്കുതർക്കങ്ങളും ഗതാഗതക്കുരുക്കും ഇവിടെ പതിവാണ്.
പേട്ട റൗണ്ട് എബൗട്ട് മാതൃകയാകും
25 മീറ്റർ വ്യാസത്തിലെ റൗണ്ട് എബൗട്ടിൽ പൂന്തോട്ടവും പേട്ടയുടെയും തൃപ്പൂണിത്തുറയുടെയും ചരിത്രം വിളംബരം ചെയ്യുന്ന ശില്പവും ഉണ്ടാകും. മെട്രോയുടെ ഉൾപ്പടെ ആർക്കിടെക്ടുകൾ ഡിസൈൻ തയ്യാറാകുന്നുണ്ട്. മികച്ചത് തിരഞ്ഞെടുക്കും. പൂന്തോട്ടത്തിന് സ്പോൺസറും റെഡിയായിക്കഴിഞ്ഞു.
പേട്ട ജംഗ്ഷൻ ജനങ്ങൾക്കും വാഹനസഞ്ചാരത്തിനും അനുയോജ്യമാകും വിധം മാറ്റാനുള്ളതാണ് ഈ പദ്ധതി. എത്രയും വേഗം നടപ്പിലാക്കാനാണ് ശ്രമം.
ഉമ തോമസ്
എം.എൽ.എ