നെടുമ്പാശേരി: അനധികൃതമായി പൊതുപണം കൈപ്പറ്റിയെന്ന് ചൂണ്ടിക്കാട്ടി പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം.എസ്. ശ്രീരാഗിനെതിരെ നാല് തദ്ദേശ സ്ഥാപനങ്ങളുടെ ഓഡിറ്റ് റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങൾ. നേരത്തെ ജോലി ചെയ്തിരുന്ന മണ്ണാർക്കാട്, തളിപ്പറമ്പ്, ചെങ്ങന്നൂർ, അങ്കമാലി മുനിസിപ്പാലിറ്റികളുടെ ഓഡിറ്റ് റിപ്പോർട്ടുകളിലാണ് സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയിട്ടുള്ളത്. മണ്ണാർക്കാട് നഗരസഭയിലെ 2021 -22, തളിപ്പറമ്പ് 2022 -23, ചെങ്ങന്നൂർ 2023-24, അങ്കമാലി 2023-24 വർഷങ്ങളിലെ ഓഡിറ്റ് രേഖയിലാണ് സാമ്പത്തിക ക്രമക്കേട് ചൂണ്ടികാട്ടിയിട്ടുള്ളത്.
കൈപ്പറ്റിയ 2,19,423 രൂപ തിരിച്ചടയ്ക്കാൻ നിർദ്ദേശമുണ്ട്.
രണ്ട് മുനിസിപ്പാലിറ്റികളിൽ ക്രമക്കേട് കണ്ടെത്തിയിട്ടും ഇത് തുടർന്നത് ഗുരുതരമായ വീഴ്ചയാണെന്ന് ഓഡിറ്റിൽ പറയുന്നു. തുടർച്ചയായി നാലിടത്ത് സാമ്പത്തിക ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥനെതിരെ തദ്ദേശ വകുപ്പ് മൗനം പാലിക്കുകയാണെന്നും ആരോപണമുണ്ട്.
അനധികൃതമായി കൈപ്പറ്റിയ തുക
മണ്ണാർക്കാട്: 42,000 രൂപ
തളിപ്പറമ്പ്: 1 ലക്ഷം രൂപ
ചെങ്ങന്നൂർ: 14,232 രൂപ
അങ്കമാലി: 63,191 രൂപ
പ്രധാന കണ്ടെത്തലുകൾ
1. മുനിസിപ്പാലിറ്റികൾ താമസിക്കാൻ വീട് നൽകിയിട്ടും, അതിന്റെ വാടക നൽകാതെ അടിസ്ഥാന ശമ്പളത്തിന്റെ 6% വീട്ടുവാടക അലവൻസായി കൈപ്പറ്റിയതാണ് പ്രധാന ക്രമക്കേട്. അങ്കമാലിയിൽ മുനിസിപ്പൽ ക്വാർട്ടേഴ്‌സിൽ താമസിക്കുമ്പോഴും ഇദ്ദേഹം വാടക അലവൻസ് വാങ്ങി.
2. ക്രമക്കേട് കണ്ടുപിടിക്കാതിരിക്കാൻ നാല് നഗരസഭകളിലും സെക്രട്ടറിയുടെ ശമ്പള സ്ലിപ്പ് സൂക്ഷിച്ചിട്ടില്ലെന്നും ഓഡിറ്റിൽ കണ്ടെത്തി.
3. തളിപ്പറമ്പിൽ താമസിച്ചിരുന്ന വാടക വീട്ടിലേക്ക് മുനിസിപ്പൽ ഫണ്ടിൽ നിന്ന് 49,500 രൂപ ചെലവഴിച്ച് ഫർണിച്ചർ വാങ്ങിയത് ചട്ടവിരുദ്ധമാണെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. ഈ തുകയും തിരിച്ചടയ്ക്കണം.