കിഴക്കമ്പലം: അഞ്ചാമത് ടെൻഡറിൽ കരാറുകാരനെത്തിയതോടെ പോഞ്ഞാശേരി- കിഴക്കമ്പലം റോഡ് ഇനി അടിപൊളിയാകും. രാഷ്ട്രീയ തർക്കങ്ങളിൽ പെട്ട് അറ്റകുറ്റപ്പണി വൈകിയതോടെ വഴിയിൽ കുഴി മാത്രമായിരുന്നു. ആധുനിക നിലവാരത്തിൽ പൂർത്തീകരിക്കുന്നതിന് ടെൻഡർ നടപടികൾ പൂർത്തിയായി.
കാവുങ്ങപറമ്പ് മുതൽ കിഴക്കമ്പലം വരെ വരുന്ന 4.7 കിലോമീറ്റർ ദൂരം ബി.എം, ബി.സി നിലവാരത്തിൽ നവീകരിക്കുന്നതിനുള്ള ടെൻഡർ നടപടികൾക്കാണ് സർക്കാർ പ്രത്യേക അംഗീകാരം നൽകിയത്.
പെരുമ്പാവൂരിനെ ജില്ലാ ആസ്ഥാനമായ കാക്കനാടുമായി ബന്ധിപ്പിക്കുന്ന പ്രാധാന റോഡാണിത്.
പോഞ്ഞാശ്ശേരിയിൽ നിന്ന് ചിത്രപ്പുഴ പാലം വരെ നീളുന്ന 20 കിലോമീറ്റർ റോഡിന്റെ നിർമ്മാണം വൈകുന്നതുമായി ബന്ധപ്പെട്ട് കരാറുകാരനായ കോലഞ്ചേരി വിജയ് കൺസ്ട്രക്ഷനെ ഒഴിവാക്കി. കാവുങ്ങപറമ്പ് മുതൽ കിഴക്കമ്പലം വരെയുള്ള 4.7 കിലോമീറ്റർ റോഡിന്റെ നിർമ്മാണത്തിനുള്ള കരാറിൽ നിന്നാണ് ഇയാളെ ഒഴിവാക്കിയത്.
റോഡ് നിർമ്മാണം നാൾ വഴികൾ
1. 2020 ജനുവരി 21-നാണ് കരാർ നൽകിയത്. ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കേണ്ടിയിരുന്ന പണി കരാറുകാരൻ പിഴയടച്ച് ആറ് തവണയായി രണ്ട് വർഷത്തോളം നീട്ടിയെടുത്തു.
2. പണി പൂർത്തിയാക്കാത്തതിനെത്തുടർന്ന് 2023 മാർച്ച് 7-ന് കരാറുകാരന്റെ നഷ്ടോത്തരവാദിത്വത്തിൽ പണി പുനഃക്രമീകരിക്കാൻ ഉത്തരവിട്ടു.
3. ഉത്തരവിനെ ചോദ്യം ചെയ്ത് കരാറുകാരൻ ഹൈക്കോടതിയെ സമീപിച്ചു. കോടതി നിർദ്ദേശപ്രകാരം പൊതുമരാമത്ത് വകുപ്പ് വീണ്ടും ഇയാളുടെ വാദങ്ങൾ കേട്ടെങ്കിലും തൃപ്തികരമല്ലാത്തതിനാൽ കരാറിൽ നിന്ന് ഒഴിവാക്കി.
4. 2024 ജൂലൈ മാസത്തിൽ പുതിയ ടെൻഡർ വിളിച്ചെങ്കിലും ആരും പങ്കെടുത്തില്ല. തുടർന്ന് മൂന്ന് മാസവും ടെൻഡർ വിളിച്ചെങ്കിലും ആരുമെത്തിയില്ല.
5.അഞ്ചാമത്, നവംബർ മാസത്തിൽ നടന്ന ടെൻഡറിൽ ഒരാൾ 47.91% അധിക തുകയ്ക്ക് പണിയെടുക്കാൻ തയ്യാറായി. അധിക തുകയായതിനാൽ കാബിനറ്റ് അനുമതിക്കായി കാത്തിരിക്കുമ്പോഴാണ് പഴയ കരാറുകാരൻ വീണ്ടും കോടതിയിലെത്തിയത്.
6. കോടതി നിർദ്ദേശപ്രകാരം പൊതുമരാമത്ത് ചീഫ് എൻജിനിയർ വീണ്ടും ഹിയറിംഗ് നടത്തി ഇയാളെ ഒഴിവാക്കിയതോടെയാണ് പുതിയ ടെൻഡർ നടപടികൾക്ക് അംഗീകാരമായത്.
ട്വന്റി 20 പാർട്ടിയാണ് ബിനാമി കരാറുകാരനുമായി ചേർന്ന് റോഡ് പണി തടസപ്പെടുത്തിയിരുന്നത്. റോഡ് നിർമ്മാണത്തിനായുള്ള ടെൻഡർ നടപടികൾ പൂർത്തിയായി പണി പുതിയ കരാറികാരൻ ഏറ്റെടുത്തതോടെ എത്രയും വേഗം റോഡ് നിർമാണം പൂർത്തീകരിക്കുകയാണ് ലക്ഷ്യം
അഡ്വ. പി.വി. ശ്രീനിജിൻ
എം.എൽ.എ