കാലടി: ഓണാഘോഷത്തിന്റെ ഭാഗമായി കാലടി എസ്.എൻ.ഡി.പി ലൈബ്രറിയിൽ നടന്ന സ്നേഹസംഗമം എറണാകുളം ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം എം.ആർ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് അഡ്വ. കെ. ബി. സാബു അദ്ധ്യക്ഷനായി. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം പി. തമ്പാൻ മുഖ്യാതിഥിയായി പങ്കെടുത്തു. പ്രവാസി മലയാളി ജോബിൻ ജോർജ് ന്യൂസിലാൻഡിൽ നിന്ന് എത്തിച്ച പുസ്തക ശേഖരം ലൈബ്രറിക്ക് ഓണസമ്മാനമായി നൽകി. വിവിധ സേവനങ്ങളിൽ നിന്ന് വിരമിച്ച വി.കെ വിജയൻ, മനോജ് പൈനുങ്ങൽ, എം.കെ. വിശ്വനാഥൻ, നൂതൻ സാബു ,അജിതകുമാരി പി.ജി. എന്നിവരെ ആദരിച്ചു. ലൈബ്രറി വൈസ് പ്രസിഡന്റ് എം.വി. ജയപ്രകാശ്, സെക്രട്ടറി കാലടി എസ്. മുരളീധരൻ, ശാഖാ യോഗം വൈസ് പ്രസിഡന്റ് എൻ.പി. ചന്ദ്രൻ എന്നിവർ സംസാരിച്ചു. തുടർന്ന് സംഗീതമേ ജീവിതം പാട്ടുകൂട്ടം കരോക്കെ ഗാനമേള അവതരിപ്പിച്ചു.