കൊച്ചി: എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയന്റെ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം ഞായറാഴ്ച തൃപ്പൂണിത്തുറയിൽ നടക്കും. വൈകിട്ട് 4ന് എസ്.എൻ.ജംഗ്ഷൻ ഗുരുമണ്ഡപത്തിൽ നിന്ന് ജയന്തി ഘോഷയാത്ര ആരംഭിക്കും. വൈകിട്ട് 5ന് തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി ഓഫീസിന് മുന്നിലുള്ള മാണിക്കനാംപറമ്പ് ഗ്രൗണ്ടിൽ നടക്കുന്ന ജയന്തി സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.
ഘോഷയാത്രയിൽ 66 ശാഖകളിൽ നിന്ന് സ്ത്രീകളും കുട്ടികളും ഉൾപ്പടെ എണ്ണായിരത്തോളം പേർ അണിചേരും. മേളങ്ങൾ, നാടൻ കലാരൂപങ്ങൾ, നിശ്ചലദൃശ്യങ്ങൾ, കാവടി തുടങ്ങിയുണ്ടാകും.
എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദൻ ജയന്തി സമ്മേളനത്തിൽ അദ്ധ്യക്ഷനാകും. കെ. ബാബു എം.എൽ.എയും നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷും മുഖ്യപ്രഭാഷണങ്ങൾ നടത്തും, വൈസ് ചെയർമാൻ കെ.കെ. പ്രദീപ് കുമാർ, യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിഅംഗങ്ങളായ കെ.പി. ശിവദാസ്, കെ.കെ. മാധവൻ, ടി.എം. വിജയകുമാർ, എൽ. സന്തോഷ്, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് വിനോദ് വേണുഗോപാൽ, വനിതാസംഘം പ്രസിഡന്റ് ഭാമ പത്മനാഭൻ, പെൻഷണേഴ്സ് കൗൺസിൽ പ്രസിഡന്റ് രാജൻ ബാനർജി, എംപ്ളോയീസ് ഫോറം പ്രസിഡന്റ് സുരേഷ് പൂത്തോട്ട, വൈദികയോഗം പ്രസിഡന്റ് ശ്രീകുമാർ ശാന്തി, സൈബർ സേന പ്രസിഡന്റ് റെജി വേണുഗോപാൽ, കുമാരിസംഘം പ്രസിഡന്റ് റിതുവർഷ എന്നിവർ സംസാരിക്കും. യൂണിയൻ കൺവീനർ എം.ഡി. അഭിലാഷ് സ്വാഗതവും വൈസ് ചെയർമാൻ സി.വി. വിജയൻ നന്ദിയും പറയും.