നെടുമ്പാശേരി: പ്രവാസികൾക്ക് ഓണം ആഘോഷിക്കാൻ കൊച്ചി രാജ്യാന്തര വിമാനത്താവളംവഴി വിവിധ രാജ്യങ്ങളിലേക്ക് കൊണ്ടുപോയത് 1323 മെട്രിക് ടൺ പച്ചക്കറിയും പഴവർഗങ്ങളും. 25 ശതമാനം വർദ്ധനവാണ് ഇക്കുറി ഉണ്ടായത്.
കഴിഞ്ഞമാസം 27 മുതൽ എട്ട് ദിവസത്തിനിടെയാണ് ഇവ കയറ്റുമതി ചെയ്തത്. വാഴയിലമുതൽ പൂക്കൾവരെയുണ്ട്. പച്ചക്കറികളിൽ മുരിങ്ങയിലമുതൽ ഉള്ളിവരെയും. കഴിഞ്ഞ രണ്ടിനും മൂന്നിനുമാണ് ഏറ്റവും കൂടുതൽ കയറ്റുമതി നടന്നത്. 180ടൺവീതം 360ടണ്ണാണ് ഈ ദിവസങ്ങളിൽ കയറ്റിഅയച്ചത്.
ദുബായ്, ദോഹ, ഷാർജ, കുവൈറ്റ്, അബുദാബി, മസ്‌കറ്റ്, സൗദി തുടങ്ങിയ ഗൾഫ് മേഖലകളിലേക്കായിരുന്നു ബഹുഭൂരിഭാഗം സാധനങ്ങളും കയറ്റി അയച്ചത്. ഇതോടൊപ്പം യൂറോപ്യൻ രാജ്യങ്ങളിലെ മലയാളികൾക്കും ഓണമാഘോഷിക്കാൻ വിഭവങ്ങൾ അയച്ചിട്ടുണ്ട്. കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിവിധ പ്രദേശങ്ങളിൽ നിന്നാണ് കാർഗോ ഏജന്റുമാർ കയറ്റുമതിക്കായി പച്ചക്കറികളും പഴവർഗങ്ങളും നെടുമ്പാശേരിയിൽ എത്തിച്ചത്. കേരളത്തിലെ കർഷകരിൽനിന്നും കർഷക വിപണികളിൽനിന്നും നേരിട്ട് വാങ്ങുന്ന പച്ചക്കറികൾക്കാണ് വിദേശത്ത് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത്. നെടുമ്പാശേരി വിമാനത്താവളത്തിലെ കാർഗോ വിഭാഗത്തിൽ പച്ചക്കറികളും പഴവർഗങ്ങളും ശീതീകരിച്ച് സൂക്ഷിക്കാൻ സംവിധാനമുള്ളതിനാൽ കാർഗോ ഏജന്റുമാർക്ക് ഉത്പന്നങ്ങൾ നേരത്തേ എത്തിക്കാൻ കഴിഞ്ഞതും കയറ്റുമതി വർദ്ധിക്കാൻ സഹായകമായി.