കോതമംഗലം : കീരമ്പാറ പഞ്ചായത്തിൽ കുട്ടികളിൽ ഛർദ്ദിയും വയറിളക്കവും പടർന്നു പിടിക്കുന്നു. മൂന്ന് ദിവസങ്ങൾക്കുള്ളിൽ ഇരുപത്തിയഞ്ചോളം കുട്ടികൾക്കാണ് രോഗം പിടിപ്പെട്ടത്. എല്ലാവരും ആറ് വയസിൽ താഴെയുള്ളവരാണ്.

മാസങ്ങൾ മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞുങ്ങളും രോഗികളായിട്ടുണ്ട്.കോതമംഗലം മാർ ബസേലിയോസ്,ആലുവ രാജഗിരി, കോലഞ്ചേരി മെഡിക്കൽ കോളേജ്, കോതമംഗലം താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ കുട്ടികൾ ചികിത്സയിലുണ്ട്. രോഗവ്യാപനത്തിന്റെ കാരണം അജ്ഞാതമാണ്.

 കുടിവെള്ളമെന്ന് സംശയം

പൈപ്പ് വെള്ളമാകും രോഗവ്യാപനത്തിന് കാരണമെന്ന ആദ്യം സംശയിച്ചിരുന്നു. എന്നാൽ കിണർ വെള്ളം ഉപയോഗിക്കുന്ന വീടുകളിലെ കുഞ്ഞുങ്ങളിലും രോഗം പിടിപ്പെട്ടിട്ടുള്ളതായി പിന്നീട് കണ്ടെത്തി. കുടിവെള്ള സാമ്പിൾ പരിശോധനക്കായി ലാബോറട്ടറിയിലേക്ക അയച്ചിട്ടുണ്ട്. രണ്ടാം വാർഡിലാണ് ആദ്യം രോഗവ്യാപനം ശ്രദ്ധയിൽപ്പെട്ടത്. ഇപ്പോൾ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർക്ക് രോഗം ബാധിച്ചിട്ടുണ്ട്.

 അവലോകന യോഗം ചേർന്നു

കുട്ടികളിലെ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആശുപത്രിയിൽ അവലോകന യോഗം ചേർന്നിരുന്നു. വീടുകളിൽ രോഗവ്യാപനത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഭക്ഷണപാനീയങ്ങളുടെ ശുചിത്വം ഉറപ്പാക്കുകയും വേണമെന്ന് യോഗം ആവശ്യപ്പെട്ടു.