മട്ടാഞ്ചേരി: പൊതു വിതരണം പിടിച്ച് നിറുത്തുന്നത് റേഷൻ വ്യാപാരികളാണെന്ന് സർക്കാർ ഉരുവിടുമ്പോഴും ഓണനാളിൽ ഇവർക്ക് കണ്ണീരാണ്. ഉത്സവ ബത്ത, അഡ്വാൻസ്, അലവൻസ് തുടങ്ങിയ പേരുകളിൽ എല്ലാ വിഭാഗത്തിനും ആശ്വാസം ലഭിക്കുമ്പോഴും റേഷൻ വ്യാപാരികളെ മാത്രം പരിഗണിക്കാതെയുള്ള സർക്കാർ സമീപനം വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്. കൊവിഡ് കാലത്ത് സുരക്ഷിതത്വം പോലുമില്ലാതെ അധിക സാമ്പത്തിക ബാദ്ധ്യത ഏറ്റെടുത്ത് കിറ്റ് വിതരണവുമായി മുന്നോട്ട് പോയവരോടാണ് സർക്കാർ നന്ദികേട് കാണിക്കുന്നത്. ഇത്തവണ റേഷൻ വ്യാപാരികളുടെ സമ്മേളനത്തിൽ ഉത്സവ ബത്ത, ബോണസ് എന്നിവ പരിഗണിക്കാമെന്ന് ഭക്ഷ്യമന്ത്രി ഉറപ്പ് നൽകിയതിന്റെ പ്രതീക്ഷയിലായിരുന്നു വ്യാപാരികൾ. എന്നാൽ പ്രതീക്ഷ അസ്ഥാനത്തായി. റേഷൻ വ്യാപാരികൾക്ക് യാതൊരു പരിഗണനയും നൽകിയില്ലെന്ന് വ്യാപാരി സംഘടനകൾ പറയുന്നു. റേഷൻ വ്യാപാരികളോട് സർക്കാർ കാണിക്കുന്ന സമീപനം പ്രതിഷേധാർഹമാണെന്ന് കേരള സ്റ്റേറ്റ് റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.എ. നൗഷാദ് പറക്കാടൻ, ജനറൽ സെക്രട്ടറി സി.എ. ഫൈസൽ എന്നിവർ പറഞ്ഞു.