പള്ളുരുത്തി: കണ്ണമാലി മേഖലയിൽ രണ്ട് മാസം മുമ്പ് കടലാക്രമണത്തിൽ ഭവനം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞിരുന്ന കുടുംബങ്ങൾ ഓണനാളിൽ പ്രതീക്ഷയുടെ ആശ്വാസ തീരത്തേക്ക്. വീടുകൾ കടലാക്രമണത്തിൽ തകർന്നപ്പോൾ ചെറിയ കടവ് പള്ളി പാരിഷ് ഹാളിൽ തുടങ്ങിയ ദുരിതാശ്വാസ ക്യാമ്പ് മാത്രമായിരുന്നു ഒമ്പത് കുടുംബങ്ങൾക്ക് അഭയമായത്. കഴിഞ്ഞ രണ്ട് മാസമായി ക്യാമ്പിലേക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങൾ ഉൾപ്പെടെ എത്തിച്ചിരുന്നത് ചെല്ലാനം വില്ലേജ് ഓഫീസറായിരുന്നു.
കെ.ജെ. മാക്സി എം.എൽ.എയും മുൻ കൊച്ചി തഹസിൽദാർ ജോസഫ് ആന്റണി ഹെർട്ടിസും മുൻ കൈ എടുത്താണ് ഇവരെ ക്യാമ്പിൽ നിന്ന് മാറ്റി താമസിപ്പിക്കാൻ തീരുമാനിച്ചത്. സുമനസുകളുടെ സഹകരണത്തോടെ ഇവരെ വാടകയ്ക്ക് താമസിപ്പിക്കാനുള്ള സംവിധാനം ഒരുക്കി. 18 അംഗങ്ങൾക്ക് ഓണക്കോടി നൽകിയാണ് ക്യാമ്പ് പിരിച്ച് വിട്ടത്. ഇന്നലെ വൈകിട്ട് നടന്ന ചടങ്ങിൽ കെ.ജെ. മാക്സി എം.എൽ.എ ഓണക്കോടി വിതരണം ചെയ്തു. മുൻ തഹസിൽദാർ ജോസഫ് ആന്റണി ഹെർട്ടിസ്, വില്ലേജ് ഓഫിസർ പ്രദീപ് സെൻ, ഫാദർ സെബാസ്റ്റ്യൻ പനച്ചിത്തറ, പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ. ജോസഫ്, കൊച്ചി തഹസിൽദാർ സി.ആർ. ഷനോജ് കുമാർ തുടങ്ങിയവർ സംബന്ധിച്ചു.