
കൊച്ചി: സ്വന്തം കൈപ്പടയിൽ പകർത്തിയെഴുത്തിയ പതിനെണ്ണായിരം സുവിശേഷം സമർപ്പിക്കാൻ ഒരുങ്ങി വിശ്വാസികൾ. വല്ലാർപാടം ബസലിക്കയിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന സംഗമത്തിലാണ് കൈയെഴുത്ത്സുവിശേഷം സമർപ്പിക്കുക. വരാപ്പുഴ അതിരൂപത മതബോധന കമ്മിഷന്റെയും ബി.സി.സി ഡയറക്ടറേറ്റിന്റെയും നേതൃത്വത്തിൽ കുട്ടികളും അദ്ധ്യാപകരും മാതാപിതാക്കളും ഉൾപ്പെടെയാണ് സ്വന്തം വിശുദ്ധ മർക്കോസിന്റെ സുവിശേഷം പകർത്തിയെഴുതിയത്.
16 അദ്ധ്യായങ്ങളുള്ള സുവിശേഷം പേപ്പറുകളിൽ എഴുതി പുസ്തകരൂപത്തിലാക്കി ബൈൻഡ് ചെയ്താണ് സംഗമത്തിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ ജൂണിൽ ആരംഭിച്ച പകർത്തിയെഴുത്ത് പൂർത്തിയാക്കി ആഗസ്റ്റ് 15 ഓരോ ഇടവകകളിലും സമർപ്പിച്ചു.
എൽ.കെ.ജി കുട്ടികൾ മുതൽ വന്ദ്യവയോധികർ വരെ സുവിശേഷം പകർത്തിയെഴുതി. മലയാളം കൂടാതെ തമിഴ്, ഇംഗ്ലീഷ്, ലാറ്റിൻ, ഹിന്ദി, ജർമ്മൻ, ഹീബ്രു ഭാഷകളിലും സുവിശേഷം പകർത്തിയെഴുതി. കേരള കത്തോലിക്കാ സഭയുടെ അജപാലന ചരിത്രത്തിൽ അപൂർവമായ സംഗമമാണിതെന്ന് സഭാ ഭാരവാഹികൾ അറിയിച്ചു. കഴിഞ്ഞവർഷം നാലായിരത്തിലേറെപ്പേർ ലൂക്കായുടെ സുവിശേഷം പകർത്തിയെഴുതി സമർപ്പിച്ചിരുന്നു.
സമർപ്പണം ഇന്ന്
ഇന്നുച്ച കഴിഞ്ഞ് രണ്ടിന് വല്ലാർപാടം ബസിലിക്ക അങ്കണത്തിൽ നടക്കുന്ന സംഗമത്തിൽ വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തും. മിനിസ്ട്രി ജനറൽ കോ -ഓർഡിനേറ്റർ ഫാ. യേശുദാസ് പഴമ്പിള്ളി, വിശ്വാസപരിശീലന കമ്മിഷൻ ഡയറക്ടർ ഫാ. വിൻസെന്റ് നടുവിലപറമ്പിൽ, ബൈബിൾ കമ്മിഷൻ ഡയറക്ടർ ഫാ. ആന്റണി സിജൻ മണുവേലിപറമ്പിൽ, കെ.സി.ബി.സി ബൈബിൾ കമ്മിഷൻ സെക്രട്ടറി ഫാ. ജോജു കോക്കാട്ട്, കെ.ആർ.എൽ.സി.സി ജനറൽ സെക്രട്ടറി ഫാ.ഡോ. ജിജു അറക്കത്തറ,
വിശ്വാസ പരിശീലന കമ്മിഷൻ സെക്രട്ടറി ഫാ. മാത്യു പുതിയാത്ത്, ജീവനാദം മാനേജിംഗ് എഡിറ്റർ ഫാ. സ്റ്റീഫൻ തോമസ് ചാലക്കര എന്നിവർ ആശംസകൾ നേരും.