jyothi

കൊച്ചി: 'ലാൻഡ് പൂളിംഗ് " പദ്ധതിയിലൂടെ ഇൻഫോപാർക്കിന്റെ മൂന്നാംഘട്ട വികസനത്തിന് 300 ഏക്കർ സ്ഥലം കണ്ടെത്താനുള്ള നടപടികൾ ഇഴയുന്നു. സ്ഥലങ്ങൾ കണ്ടെത്തി.​ ഉ‌ടമകളുമായി ചർച്ചകൾ നടത്തി പ്രാഥമിക അനുമതികൾ നേടിയ പദ്ധതിയാണ് നീളുന്നത്.

വിശാലകൊച്ചി വികസന അതോറിട്ടിയാണ് (ജി.സി.ഡി.എ) ലാൻഡ് പൂളിംഗ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. കിഴക്കമ്പലം, കുന്നത്തുനാട് വില്ലേജുകളിൽ നിന്നായി സ്ഥലം സമാഹരിക്കുകയാണ് ലക്ഷ്യം. ലക്ഷ്യമിടുന്ന സ്ഥലങ്ങളുടെ അതിർത്തികൾ, ഭൂവുപയോഗം, രേഖകൾ, വെള്ളപ്പൊക്കസാദ്ധ്യത, ഗതാഗത മാർഗങ്ങളുമായി ബന്ധിപ്പിക്കൽ തുടങ്ങിയ വിവരങ്ങൾ ജി.സി.ഡി.എ ശേഖരിച്ചിട്ടുണ്ട്. ഇൻഫോർപാർക്ക് രണ്ടാം ഘട്ടത്തോട് ചേർന്ന് കുന്നത്തുനാട് ഗ്രാമപഞ്ചായത്തിലെ പള്ളിക്കരയിലും തൃക്കാക്കര നഗരസഭയുടെ മേഖലയിലെയും സ്ഥലങ്ങൾ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. കൃഷിയില്ലാതെ കിടക്കുന്ന സ്ഥലങ്ങൾ ഉൾപ്പെടെ ഏറ്റെടുക്കും. തുടർന്ന് ഇൻഫോപാർക്കിന് ജി.സി.ഡി.എ കൈമാറും.

സ്ഥലം സമാഹരിക്കുന്നതിന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും കിഴക്കമ്പലം ഗ്രാമപഞ്ചായത്തിന്റെയും അനുമതികളും ലഭിച്ചിരുന്നു. ഐ.ടി., റവന്യൂ വകുപ്പുകളും ജില്ലാ കളക്‌ടറും ഇൻഫോപാർക്കും ചർച്ചകൾ നടത്തുന്നുണ്ടെന്ന് ജി.സി.ഡി.എ അധികൃതർ പറയുന്നു.

പൊളിക്കാൻ റിയൽ എസ്റ്റേറ്റ് സംഘങ്ങൾ

ലാൻഡ് പൂളിംഗിൽ നിന്ന് ഉടമകളെ പിന്മാറ്റാനും അധികൃതരുടെ നടപടികളെ തടസപ്പെടുത്താനും ശ്രമിക്കുന്നത് പദ്ധതിക്ക് തടസമാകുന്നതായാണ് ഉന്നത വൃത്തങ്ങൾ നൽകുന്ന വിവരം. റിയൽ എസ്റ്റേറ്റ് സംഘങ്ങളാണ് ഇവർക്ക് പിന്നിൽ. കാക്കനാട് മുതൽ കിഴക്കമ്പലം വരെ നീളുന്ന മേഖലയിൽ ഭാവിയിലെ റിയൽ എസ്റ്റേറ്റ് മേഖലയിലെ സാദ്ധ്യതകൾ വിലയിരുത്തിയാണ് ശ്രമം. സർക്കാർ തലത്തിലുൾപ്പെടെ ഇവരുടെ ഇടപെടൽ നടപടികളെ ബാധിച്ചിട്ടുണ്ടെന്നാണ് സൂചനകൾ.

നിറഞ്ഞ് ഇൻഫോപാർക്ക്

ഇൻഫോപാർക്ക് രണ്ട് ഘട്ടങ്ങളിലായി വികസിപ്പിച്ച സ്ഥലം മുഴുവൻ കമ്പനികൾ ഏറ്റെടുത്തിട്ടുണ്ട്. സ്ഥലമോ കെട്ടിടമോ ആവശ്യപ്പെട്ട് നിരവധി വൻകിട കമ്പനികൾ കാത്തുനിൽക്കുകയാണ്. ഭാവിവികസനത്തിന് സ്ഥലം സർക്കാരിന് ഏറ്റെടുക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ലാൻഡ് പൂളിംഗ് ആശയം ഇൻഫോപാർക്ക് സ്വീകരിച്ചത്.

ലാൻഡ് പൂളിംഗ്

ഒരു പ്രദേശത്ത് വ്യക്തികളുടെ ഉടമസ്ഥതയിലുള്ള വിവിധ സ്ഥലങ്ങൾ സംയോജിപ്പിച്ച് വികസിപ്പിക്കുന്ന പ്രക്രിയയാണ് ലാൻഡ് പൂളിംഗ്. വികസിപ്പിക്കുന്ന മൊത്തം സ്ഥലത്തിന്റെ നിശ്ചിതഭാഗം ഉടമകൾക്ക് തിരികെനൽകും. ഉദാഹരണത്തിന്, പലരിൽ നിന്ന് നൂറേക്കർ സ്ഥലം സംയോജിപ്പിക്കുന്നു. ഇത് വികസിപ്പിച്ചശേഷം നിശ്ചിത ശതമാനം സ്ഥലം ഉടമകൾക്ക് നൽകും. ബാക്കിസ്ഥലം പദ്ധതികൾക്കായി വിനിയോഗിക്കും.

കൂടുതൽ സ്ഥലങ്ങൾ ഒറ്റ പ്ളോട്ടാക്കി മാറ്റുമ്പോൾ വിപണിമൂല്യം പലയിരട്ടി വർദ്ധിക്കും. അതിനാൽ ഉടമകൾക്ക് ലഭിക്കുന്ന സ്ഥലം കുറവാണെങ്കിലും മൂല്യം വലുതായിരിക്കും. സ്ഥലം ആവശ്യമില്ലാത്തവർക്ക് നഷ്ടപരിഹാരത്തുകയും ലഭിക്കും.

ഇൻഫോപാർക്ക്

260 ഏക്കർ

92 ദശലക്ഷം ചതുരശ്രയടി കെട്ടിടം

582 കമ്പനികൾ

72,000 പേർക്ക് ജോലി

കയറ്റുമതി 11,417 കോടി രൂപ

തുടക്കം 2004 ൽ

രണ്ടാംഘട്ടം 2007ൽ