garden
കെ.ആർ. വിജയൻ മെമ്മോറിയിൽ ഷോപ്പിംഗ് കോംപ്ളക്സിലെ നിർമ്മിച്ച പൂന്തോട്ടം

പറവൂർ: മാലിന്യം നിറഞ്ഞും സെപ്ടിക് ടാങ്ക് പൊട്ടിഒലിച്ചു കിടന്നിരുന്നതുമായ സ്ഥലം റെസിഡന്റ്സ് അസോസിയേഷൻ നല്ലൊരു പൂന്തോട്ടമാക്കി മാറ്റി. പറവൂർ നഗരസഭയുടെ നമ്പൂരിയച്ചൻ ആലിന് സമീപത്തുള്ള കെ.ആർ. വിജയൻ മെമ്മോറിയൽ ഷോപ്പിംഗ് കോംപ്ളക്സിന്റെ തെക്ക് ഭാഗത്താണ് ശോചനീയമായ ഈ അവസ്ഥയുണ്ടായിരുന്നത്. സെപ്ടിക് ടാങ്ക് പൊട്ടി ഒലിക്കുന്നതും മാലിന്യങ്ങൾ നിറയുന്നതും കച്ചവടസ്ഥപനങ്ങൾക്കും സമീപത്തുള്ള വീട്ടുകാർക്കും ഇത് ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു.

പരാതി ഉയർന്നതോടെ നഗരസഭ സെപ്ടിക് ടാങ്ക് ക്ളീൻ ചെയ്തു. തുടർന്ന് മാലിന്യം നിറഞ്ഞുകിടന്നിരുന്ന ഈ ഭാഗം മണ്ണിട്ട് പൂന്തോട്ടമാക്കാൻ റെസിഡന്റ്സ് അസോസിയേഷൻ നഗരസഭാ അധികൃതരോട് അനുവാദം ചോദിച്ചു. അനുമതി ലഭിച്ചതോടെ മണ്ണടിച്ച് നിരത്തി. ഈ ഭാഗത്ത് ചെടിച്ചടിയിലും മറ്റുമായി നിരവധി പൂച്ചെടികൾ നട്ടു. 25,000 രൂപയിലധികം ചെലവഴിച്ച പൂന്തോട്ടം റെസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷത്തോടനുബന്ധിച്ച് നഗരസഭാ ചെയർപേഴ്സൺ ബീന ശശിധരൻ ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷനേതാവ് ടി.വി. നിധിൻ, കൗൺസിലർമാരായ ഇ.ജി. ശശി, ജോബി പഞ്ഞിക്കാരൻ, റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. റാഫേൽ ആന്റണി തുടങ്ങിയവർ പങ്കെടുത്തു.