ആലുവ: ശ്രീനാരായണ ഗുരുദേവന്റെ 171-ാം ജയന്തിയാഘോഷത്തിന്റെ ഭാഗമായി ആലുവ അദ്വൈതാശ്രമത്തിന്റെ സഹകരണത്തോടെ എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ സംഘടിപ്പിക്കുന്ന ജയന്തി മഹാഘോഷയാത്ര ഇന്ന് ആലുവ നഗരത്തെ മഞ്ഞക്കടലാക്കും.

വൈകിട്ട് മൂന്നിന് അദ്വൈതാശ്രമ കവാടത്തിൽ നിന്നാരംഭിക്കുന്ന ഘോഷയാത്ര എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ്‌ ഡോ. എം.എൻ. സോമൻ ഫ്ലാഗ് ഓഫ് ചെയ്യും. യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു അദ്ധ്യക്ഷനാകും. അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ സംബന്ധിക്കും. തുടർന്ന് താളമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്ര ആരംഭിക്കും. ചെണ്ടമേളം, ബാൻഡ് സെറ്റ്, തെയ്യം, മറ്റ് നാടൻ കലാരൂപങ്ങൾ, നിശ്ചലദൃശ്യങ്ങൾ, മലബാർ കലാരൂപങ്ങൾ തുടങ്ങിയവ ഘോഷയാത്രയിൽ ഉണ്ടാകും. പമ്പ് കവല, റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്, ജില്ലാ ആശുപത്രി, കാരോത്തുകുഴി, മാർക്കറ്റ്, പ്രൈവറ്റ് ബസ് സ്റ്റാൻഡ്, ബാങ്ക് കവല, പാലസ് റോഡ് വഴി തിരികെ അദ്വൈതാശ്രമത്തിന് മുമ്പിൽ ഘോഷയാത്ര സമാപിക്കും. യൂണിയൻ പരിധിയിലെ 61 ശാഖകളിൽ നിന്നായി 20,000 പേർ പങ്കെടുക്കും. വിവിധ ശാഖകളിൽ നിന്നുള്ള പ്രവർത്തകർ പ്രത്യേകം ബാനറിന് കീഴിലായി അണിനിരക്കും.

ഒരു മാസത്തിലേറെ നീണ്ടുനിന്ന ജയന്തിയാഘോഷങ്ങളുടെ സമാപനം സെപ്തംബർ 14നാണ്. രാവിലെ പത്തിന് ആലുവ എസ്.എൻ.ഡി.പി സ്കൂളിൽ നടക്കുന്ന പൊതുസമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. വി. സന്തോഷ് ബാബു അദ്ധ്യക്ഷനാകും. യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമന്റെ സാന്നിദ്ധ്യത്തിൽ നടക്കുന്ന സമ്മേളനത്തിൽ സ്വാമി ധർമ്മചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തും. ഘോഷയാത്രയിൽ വിവിധ കാറ്റഗറിയിൽ സമ്മാനം നേടിയ ശാഖകൾക്ക് ട്രോഫിയും ക്യാഷ് അവാർഡുകളും വിതരണം ചെയ്യും.