bjp
കമ്പനിപ്പടി തുരങ്കപാത - ചവർപ്പാടം റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ചൂർണിക്കര പഞ്ചായത്ത് സമിതി റോഡ് ഉപരോധിക്കുന്നു

ആലുവ: നിത്യേന നൂറുകണക്കിന് വാഹനങ്ങളും കാൽനട യാത്രക്കാരും സഞ്ചരിക്കുന്ന ചൂർണിക്കര ഗ്രാമപഞ്ചായത്തിലെ കമ്പനിപ്പടി തുരങ്കപാത - ചവർപ്പാടം റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമായി. മാസങ്ങളായി റോഡ് തകർന്ന് തരിപ്പണമായി കിടക്കുന്നതിനാൽ കാൽനട യാത്ര പോലും ദുസഹമാണ്.

ചൂർണിക്കരയുടെ കിഴക്ക് മേഖലകളായ അശോകപുരം, കുന്നത്തേരി, മനക്കപ്പടി, തായിക്കാട്ടുകര ഭാഗത്ത് നിന്നായി നിരവധി വാഹന യാത്രക്കാരും കാൽനടയാത്രക്കാരും ഇതുവഴിയാണ് ദേശീയപാതയിലേക്ക് പ്രവേശിക്കുന്നത്. പഞ്ചായത്ത് ഓഫീസ്, വില്ലേജ്, കൃഷി ഭവൻ, സഹകരൺ ബാങ്ക്, എസ്.പി.ഡബ്ല്യു ഹൈസ്കൂൾ ഉൾപ്പെടെ നിരവധി പൊതുസ്ഥാപനങ്ങളാണ് കമ്പനിപ്പടി ഭാഗത്ത് പ്രവർത്തിക്കുന്നത്. ഇവിടങ്ങളിൽ ജോലി ചെയ്യുന്നവരും വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരുമെല്ലാം തുരങ്കപ്പാത റോഡിനെയാണ് ആശ്രയിക്കുന്നത്. എന്നാൽ തകർന്ന് കിടക്കുന്ന റോഡിലൂടെ ഓട്ടോറിക്ഷകൾ പോലും ഓട്ടം വിളിച്ചാൽ വരാത്ത അവസ്ഥയാണ്.

വഴിയോട് ചേർന്നുള്ള കാനയ്ക്ക് സംരക്ഷണഭിത്തിയില്ലാത്തതും പ്രശ്നമാണ്. നാലു വർഷങ്ങൾക്കു മുമ്പ് കോൺക്രീറ്റ് ചെയ്ത കാനയുടെ വശങ്ങൾ വിള്ളൽ വീണ് ഇടിഞ്ഞു വീഴാറായ സ്ഥിതിയാണ്. സംരക്ഷണഭിത്തിയും പുതുക്കിപ്പണിതില്ലെങ്കിൽ എപ്പോൾ വേണമെങ്കിലും അപകടമുണ്ടായേക്കാം. കാന തകർന്നത് നിർമ്മാണത്തിലെ അപാകതയാണെന്നാണ് ആരോപണം. തുരങ്കപ്പാത വഴി കുന്നത്തേരിയിലേക്ക് പോകുന്ന സടക് റോഡിൽ നേരത്തെ നടത്തിയിരുന്ന സൗന്ദര്യവത്കരണവുമെല്ലാം നശിച്ചു. പലയിടവും മാലിന്യം നിക്ഷേപ കേന്ദ്രങ്ങളായി

ബി.ജെ.പി റോഡ് ഉപരോധിച്ചു

ചൂർണിക്കര ഗ്രാമപഞ്ചായത്തിലെ കമ്പനിപ്പടി തുരങ്കപാത - ചവർപ്പാടം റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ചൂർണിക്കര പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. മണ്ഡലം പ്രസിഡന്റ് എം.യു. ഗോപുകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സമിതി പ്രസിഡന്റ് പി.സി. റെജി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി പ്രദീപ് പെരുമ്പടന്ന, വാർഡ് മെമ്പർ രമണൻ ചേലാക്കുന്ന്, ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് കെ.ആർ. രാജശേഖരൻ, ബി.ജെ.പി മണ്ഡലം സെക്രട്ടറി എ.എസ്. സലിമോൻ, സജീഷ് അശോകപുരം, വിനു മുട്ടം, രാജേഷ് കുന്നത്തേരി തുടങ്ങിയവർ സംസാരിച്ചു.