pana

പനങ്ങാട്: നാമജപങ്ങളാൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ എസ്.എൻ.ഡി.പി യോഗം പനങ്ങാട് വടക്ക് ശാഖയിലെ ഗുരുമണ്ഡപത്തിൽ ശ്രീനാരായണ ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹം സ്ഥാപിച്ചു. ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ വിഗ്രഹസ്ഥാപനവും പ്രാർത്ഥനാലയത്തിന്റെ ഉദ്ഘാടനവും നിർവഹിച്ചു.

ശാഖാ പ്രസിഡന്റ് കെ.കെ. രാധാകൃഷ്ണൻ, സെക്രട്ടറി എൻ.എസ്. തുളസീധരൻ, വനിതാസംഘം പ്രസിഡന്റ് ഗീത പ്രകാശൻ, സെക്രട്ടറി സിന്ധു സാഗരൻ, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് നിതിൽ പ്രകാശൻ, സെക്രട്ടറി രാഹുൽ മുരളി, നിർമ്മാണ കമ്മിറ്റി ചെയർമാൻ വിനോദ് വി.കെ., കൺവീനർ പി.എ.വിനോദ് കുമാർ, മുൻ ശാഖാ പ്രസിഡന്റുമാരായ കെ.ജി. വിജയൻ, എം.എസ്. ദാസൻ,
എസ്.എസ്. സഭാ പ്രസിഡന്റ് വേണു പുല്പറ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഫ്‌സൽ നമ്പ്യാരത്ത്, ഗ്രാമസഭാ മെമ്പർമാരായ പ്രദീപൻ, മിനി അജയഘോഷ്, ഗണേശാനന്ദ സഭാ ഭാരവാഹികൾ, സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

ഗുരുദർശനം ലോകത്തിനാവശ്യം

മതതീവ്രവാദം, മതപരിവർത്തനം എന്നിവയുടെ കാലത്ത് ഗുരുദേവന്റെ ഏകലോകദർശനം മറ്റെന്തിനെക്കാളും ലോകത്തിന് അനിവാര്യമാണെന്ന് സ്വാമി സച്ചിദാനന്ദ അനുഗ്രഹപ്രഭാഷണത്തിൽ പറഞ്ഞു. ഗുരുദേവന്റെ ഈശ്വരീയഭാവം ഹൃദയത്തിൽ നിറയ്ക്കുകയും ബുദ്ധിയിൽ ഏകലോകദർശനം സ്വീകരിക്കുകയും ചെയ്യണം. ദേശങ്ങൾക്കും ജാതിമതചിന്തകൾക്കും അതീതമാണ് ഏകലോകദർശനം. ഗുരുഭക്തർ അവയെ സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.