nabidinam
അടൂപറമ്പ് സെൻട്രൽ ജുമാ മസ്ജിദിന്റെ നേതൃത്വത്തിൽ നടന്ന നബിദിന റാലി

മൂവാറ്റുപുഴ: പ്രവാചക സ്മരണയിൽ മസ്ജിദുകളുടെയും മദ്രസകളുടെയും നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ നബിദിനാഘോഷം നടത്തി. മൂവാറ്റുപുഴ, പേഴക്കാപ്പിള്ളി, കിഴക്കേക്കര, പെരുമറ്റം, രണ്ടാർ കര, പായിപ്ര, മുളവൂർ പള്ളിച്ചിറങ്ങര, അടൂപറമ്പ്, ആനിക്കാട് കാലാമ്പൂർ തുടങ്ങിയ സ്ഥലങ്ങളിൽ നബിദിന റാലികൾ നടന്നു. മദ്രസ വിദ്യാർത്ഥികളുടെ റാലികൾ നബിദിനാഘോഷത്തിലെ മുഖ്യ ആകർഷണമായി. വിവിധ വർണങ്ങളിലുള്ള കൊടി, ബലൂൺ, ദഫ് സംഘം എന്നിവയുടെ അകമ്പടിയോടെയുള്ള ഘോഷയാത്രകളാണ് ഒരുക്കിയത്. ഘോഷയാത്രയിൽ പങ്കെടുക്കുന്നവർക്ക് തെരുവോരങ്ങളിൽ മത സൗഹാർദ്ധത്തിന്റെ സന്ദേശം വിളിച്ചോതി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ മധുര പലഹാരം, പായസം, ശീതളപാനീയങ്ങൾ തുടങ്ങിയവ വിതരണം ചെയ്തു.

മസ്ജിദുകളും മദ്രസകളും കോടി തോരണങ്ങൾ കൊണ്ട് അലങ്കരിക്കുകയും വിവിധ വർണങ്ങളിലുള്ള ദീപാലങ്കാരങ്ങളും ഒരുക്കിയിരുന്നു. മദ്രസകളിൽ വിദ്യാർത്ഥികളുടെ കലാപരിപാടികളും മതപ്രഭാഷണങ്ങളും അന്നദാനവും നടന്നു.