sndp-paravur-union-office

പറവൂർ: ശ്രീനാരായണ ജയന്തി ആഘോഷങ്ങൾക്ക് പീതവർണമണിഞ്ഞൊരുങ്ങി പറവൂർ നഗരം. പ്രധാന വീഥികളെല്ലാം കൊടിയും തോരണങ്ങളും കൊണ്ട് നിറഞ്ഞു. ശ്രീനാരായണ ഗുരുദേവന്റെ സ്പർശനത്താൽ അനുഗ്രഹീതമായ മൂത്തകുന്നം ശ്രീനാരായണമംഗലക്ഷേത്രവും കാളികുളങ്ങര ക്ഷേത്രവും സ്ഥിതി ചെയ്യുന്ന പറവൂർ യൂണിയനിൽ ജയന്തി ആഘോഷങ്ങൾ ഉജ്ജ്വലമാക്കുന്നതിനുള്ള ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. ഒരു മാസക്കാലം നീണ്ടുനിന്ന ജയന്തി ആഘോഷങ്ങൾ ഇന്ന് നടക്കുന്ന ജയന്തിദിന ഘോഷയാത്രയ്ക്ക് ശേഷം സമ്മേളനത്തോടെ സമാപിക്കും.

അദ്ധ്യാപകനും യൂണിയൻ സെക്രട്ടറിയുമായിരുന്ന പി.ടി. ഭാസ്കരനാണ് പതിറ്റാണ്ടുകൾക്ക് മുമ്പ് ശ്രീനാരായണീയരെ ഒരുമിപ്പിച്ച് ആദ്യമായി ചതയദിന ഘോഷയാത്ര സംഘടിപ്പിച്ചത്. പിന്നീട് ഓരോവർഷം കഴിയുന്തോറും പൊലിമ വർദ്ധിച്ചുവരികയാണ്. എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയന്റെ നേതൃത്വത്തിൽ ആഗസ്റ്റ് പത്തിന് പതാകദിനത്തോടെയാണ് ഗുരുദേവ ജയന്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. ശാഖാ, മേഖലാ, യൂണിയൻ തലങ്ങളിൽ ഗുരുദേവ ദർശനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വിവിധ കലാ, സാഹിത്യ മത്സരങ്ങൾ നടക്കുകയുണ്ടായി. 72 ശാഖായോഗങ്ങളിലും വിവിധ പരിപാടികളും നടന്നു. ഗുരുദേവ ദർശനങ്ങൾ ഉയർത്തിക്കൊണ്ടുള്ള ശ്രീനാരായണ ദിവ്യജ്യോതി പ്രയാണം ഭക്തിനിർഭരമായി.

ഇന്ന് നടക്കുന്ന ജയന്തിദിന ഘോഷയാത്രയിൽ യൂണിയന് കീഴിലെ ശാഖായോഗങ്ങളിൽ നിന്ന് 25,000 ശ്രീനാരായണീയർ പങ്കെടുക്കും. വൈകിട്ട് മൂന്നിന് ചേന്ദമംഗലം കവലയിലെ യൂണിയൻ ആസ്ഥാനത്ത് നിന്ന് ഘോഷയാത്ര ആരംഭിക്കും. നഗരംചുറ്റി സമ്മേളനവേദിയായ പഴയ യൂണിയൻ ഓഡിറ്റോറിയത്തിൽ ഘോഷയാത്ര എത്തിച്ചേരും. വാദ്യമേളങ്ങൾ, കലാരൂപങ്ങൾ, നിശ്ചലദൃശ്യങ്ങൾ എന്നിവ അകമ്പടിയായുണ്ടാകും. പോഷകസംഘടനാ യൂണിയൻ ഭാരവാഹികളും വ്യത്യസ്ത ബാനറിൽ ശാഖകളുടെ ഭാരവാഹികളും പ്രവ‌‌ർത്തകരും ഘോഷയാത്രയിൽ അണിചേരും.

വൈകിട്ട് അഞ്ചിന് ജയന്തി സമാപനസമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. യൂണിയൻ ചെയർമാൻ സി.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷനാകും. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ മുഖ്യാതിഥിയാകും. ഹൈബി ഈഡൻ എം.പി. ജയന്തിദിനസന്ദേശം നൽകും. നഗരസഭാ ചെയർപേഴ്സൺ ബീന ശശിധരൻ വിശിഷ്ടവ്യക്തികളെ ആദരിക്കും. നഗരസഭാ പ്രതിപക്ഷനേതാവ് ടി.വി. നിധിൻ വിദ്യാഭ്യാസ അവാർഡ് വിതരണവും നഗരസഭ കൗൺസിലർ രഞ്ജിത്ത് മോഹൻ കലാമത്സര സമ്മാനദാനവും നിർവഹിക്കും. യൂണിയൻ കൺവീനർ ഷൈജു മനയ്ക്കപ്പടി, യോഗം കൗൺസിലർ ഇ.എസ്. ഷീബ, യോഗം ഡയറക്ടർമാരായ പി.എസ്. ജയരാജ്, എം.പി. ബിനു, ഡി. ബാബു, യൂണിയൻ കമ്മിറ്റി അഡ്മിനിസ്ട്രറ്റീവ് കമ്മിറ്റി അംഗങ്ങളായ കണ്ണൻ കൂട്ടുകാട്, വി.എൻ. നാഗേഷ്, ഡി. പ്രസന്നകുമാർ തുടങ്ങിയവർ സംസാരിക്കും.