വൈപ്പിൻ: 171-ാമത് ശ്രീനാരായണ ഗുരു ജയന്തി ആഘോഷങ്ങളുടെ സമാപനമായി എസ്.എൻ.ഡി.പി യോഗം വൈപ്പിൻ യൂണിയന്റെ ആഭിമുഖ്യത്തിൽ ഇന്ന് വൈകീട്ട് 4 ന് പള്ളത്താംകുളങ്ങര ക്ഷേത്ര മൈതാനിയിൽ നിന്ന് വർണശബളമായ ചതയദിന ഘോഷയാത്ര പുറപ്പെടും. യൂണിയൻ പ്രസിഡന്റ് ടി.ജി. വിജയൻ, സെക്രട്ടറി ടി.ബി. ജോഷി, വൈസ് പ്രസിഡന്റ് കെ.വി. സുധീശൻ, യോഗം ബോർഡ് മെമ്പർ കെ.പി. ഗോപാലകൃഷ്ണൻ, യൂണിയൻ കൗൺസിലർമാർ, പോഷക സംഘടന ഭാരവാഹികൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ ശാഖകളുടെ ബാനറുകൾക്ക് കീഴിൽ സംസ്ഥാനപാതയിലൂടെ നീങ്ങി 6 മണിയോടെ ചെറായി ഗൗരീശ്വര ക്ഷേത്രാങ്കണത്തിലെത്തി ഗുരുദേവ മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി സമാപിക്കും. വിവിധ വാദ്യ മേളങ്ങൾ, നിശ്ചല ദൃശ്യങ്ങൾ, കാവടി, തെയ്യം എന്നിവ അകമ്പടിയായുണ്ടാകും.
തുടർന്ന് യൂണിയന്റെയും വിജ്ഞാന വർദ്ധിനി സഭയുടെയും ആഭിമുഖ്യത്തിൽ ഗൗരീശ്വരം ഓഡിറ്റോറിയത്തിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനം അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും. വി.വി സഭ പ്രസിഡന്റ് കെ.കെ. പരമേശ്വരൻ അദ്ധ്യക്ഷനാകും. കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ, വനിതാ സംഘം കേന്ദ്ര സമിതി പ്രസിഡന്റ് കെ.പി. കൃഷ്ണകുമാരി, യൂണിയന്റെയും വി.വി. സഭയുടെയും ഭാരവാഹികൾ, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പ്രസംഗിക്കും.
ഘോഷയാത്രയിൽ മികച്ച പ്രകടനം നടത്തുന്ന ശാഖകൾക്കുള്ള പി.ഡി. ശ്യാംദാസ് സ്മാരക അവാർഡുകൾ, പ്ലസ് ടു ടോപ്പേഴ്‌സിനുള്ള അഡ്വ. എൻ. എൻ. ഗോപാലൻ അവാർഡ്, പ്ലസ് ടു ഫുൾ എ പ്ലസുകാർക്കുള്ള വനിതാ സംഘം അവാർഡ്, എസ്.എസ്.എൽ.സി ഫുൾ എ പ്ലസുകൾക്കുള്ള വൈദികയോഗം അവാർഡ് എന്നിവ മുൻ എം.എൽ.എ അഡ്വ. എ.എൻ. രാജൻ ബാബു വിതരണം ചെയ്യും.