കോതമംഗലം: കീരമ്പാറ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ഛർദ്ദിയും വയറിളക്കവും പടർന്നുപിടിച്ചതിന്റെ കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ആരോഗ്യവകുപ്പ്. കുടിവെള്ളം പരിശോധനയ്ക്ക് അയച്ചതിന്റെ ഫലം ലഭിച്ചിട്ടില്ല. എന്നാൽ രോഗവ്യാപനത്തിന്റെ തോത് കുറഞ്ഞതായി അധികൃതർ അറിയിച്ചു. ചികിത്സയിലുള്ളവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലുളള അൻപതിലേറെ പേർക്കാണ് ഛർദ്ദിയും വയറിളക്കവും പിടിപ്പെട്ടത്. ഇതിൽ ബഹുഭൂരിപക്ഷവും ആറു വയസിൽ താഴെയുള്ള കുട്ടികളാണ്. ആദ്യം രോഗം കണ്ടെത്തിയ രണ്ടാം വാർഡിൽ ആരോഗ്യ പ്രവർത്തകർ പ്രതിരോധബോധവത്കരണ പ്രവർത്തനങ്ങൾ നടത്തി. ക്ലോറിൻ ടാബും ബ്ലീച്ചിംഗ് പൗഡറും ഒ.ആർ.എസും വീടുകളിൽ വിതരണം ചെയ്തിട്ടുണ്ട്.