കൊച്ചി: ഓണക്കാലത്ത് മിൽമ എറണാകുളം മേഖലാ യൂണിയന് പാൽ, പാൽ ഉത്പന്നങ്ങൾ എന്നിവയുടെ വില്പനയിൽ സർവകാല റെക്കാഡ്. അത്തം മുതൽ തിരുവോണം വരെ ആറു കോടിയുടെ വില്പനയാണ് നേടിയത്.

58 ലക്ഷം ലിറ്റർ പാലും 3,83,000 കിലോ തൈരും 2.35 ടൺ നെയ്യും 70,000 പാക്കറ്റ് പായസം മിക്‌സും വിറ്റഴിച്ചു. ഉത്രാടദിനത്തിൽ മാത്രം 11 ലക്ഷം ലിറ്റർ പാലും 90,000 കിലോ തൈരും വില്പന നടത്തി ചരിത്രനേട്ടം കുറിച്ചു.

മിൽമയുടെ സ്വന്തം വിപണന ശൃഖല വഴിയും നൂതന വിപണന സംവിധാനമായ ക്വിക്ക് കോമേഴ്‌സും മിൽമ ഷോപ്പികൾ വഴിയും വിപണനം നടത്തിയാണ് നേട്ടം കൈവരിച്ചത്. സാധാരണദിനങ്ങളെ അപേക്ഷിച്ച് ഉത്രാട നാളിൽ പാലിന് മൂന്ന് ഇരട്ടിയോളം വില്പന ലഭിച്ചു.

മികച്ച നേട്ടം കൈവരിക്കുന്നതിന് പ്രയത്‌നിച്ച ജീവനക്കാർ, വിതരണക്കാർ, ചെറുകിട ഏജന്റുമാർ എന്നിവരെ മേഖലാ യൂണിയൻ ചെയർമാൻ സി.എൻ. വത്സലൻ പിള്ള അഭിനന്ദിച്ചു. എറണാകുളം, കോട്ടയം, തൃശൂർ, ഇടുക്കി ജില്ലകൾ ഉൾപ്പെടുന്നതാണ് മിൽമ എറണാകുളം മേഖലാ യൂണിയൻ.