കൊച്ചി: ഓൺലൈൻ ട്രേഡിംഗിലൂടെ എറണാകുളം സ്വദേശിയിൽ നിന്ന് 26 കോടി രൂപ തട്ടിയെടുത്തത് 'സൈപ്രസ് മാഫിയ' എന്ന് കണ്ടെത്തൽ. തട്ടിപ്പ് ആസൂത്രണം ചെയ്തത് യൂറോപ്യൻ രാജ്യമായ സൈപ്രസിലാണെന്നാണ് പൊലീസ് നിഗമനം. ഇടപാടുകാരെ സമീപിക്കുന്ന കോൾസെന്റർ പ്രവർത്തിക്കുന്നതും സൈപ്രസിലാണെന്നാണ് സൂചന. കാലിഫോർണിയയിലാണ് സ്ഥാപനം രജിസ്റ്റർ ചെയ്തതെന്ന് അന്വേഷക സംഘം കണ്ടെത്തിയിരുന്നു.
തട്ടിപ്പുസംഘത്തിൽ ഒന്നിലേറെ മലയാളികളുണ്ടെന്നും സംശയിക്കുന്നു. തട്ടിപ്പ് നടത്തിയ 'കാപിറ്റലിക്‌സ്' എന്ന സ്ഥാപനത്തിനെതിരെ മറ്റ് സംസ്ഥാനങ്ങളിലും പരാതി ലഭിച്ചതായി സൂചനകളുണ്ട്. ദുബായ് അടക്കമുള്ള ചില വിദേശരാജ്യങ്ങളിലും കേസുണ്ടെന്ന് സൈബർ പൊലീസിന് വിവരം ലഭിച്ചു.
ഇന്ത്യയിൽത്തന്നെയുള്ള വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൈമറിഞ്ഞതായാണ് പ്രാഥമിക കണ്ടെത്തൽ. ഈ അക്കൗണ്ടുകളെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. കൊച്ചി സിറ്റി സൈബർ സെൽ പ്രത്യേകസംഘമാണ് അന്വേഷിക്കുന്നത്.
അധികലാഭം വാഗ്ദാനം ചെയ്ത് ഓൺലൈൻ നിക്ഷേപത്തട്ടിപ്പ് നടത്തിയ പരാതിയിൽ തിങ്കളാഴ്ചയാണ് സൈബർ ക്രൈം പൊലീസ് കേസെടുത്തത്. ഡാനിയേൽ എന്നയാളെ പ്രതി ചേർത്തിരുന്നു. ഇത് വ്യാജ പേരാണെന്ന സംശയമുണ്ട്. ഓഹരിവിപണിയിൽ സജീവമായി ഇടപെടുന്ന നാൽപ്പത്തിയൊന്നുകാരനാണ് സൈബർ തട്ടിപ്പിന് ഇരയായത്.