കെ. കെ. രത്‌നൻ
വൈപ്പിൻ: വൈപ്പിൻ - മുനമ്പം സംസ്ഥാന പാതയിൽ കുഴുപ്പിള്ളി പള്ളത്താംകുളങ്ങര മുതൽ ചെറായി ഗൗരീശ്വരം വരെ നിറഞ്ഞ് കവിഞ്ഞ് ശ്രീനാരായണ ഗുരുദേവ ജയന്തി ഘോഷയാത്ര. എസ്.എൻ.ഡി.പി യോഗം വൈപ്പിൻ യൂണിയന്റെ ആഭിമുഖ്യത്തിൽ 21 ശാഖകൾ, പോഷക സംഘടനകൾ, കുടുംബയൂണിറ്റുകൾ, മൈക്രോ സംഘങ്ങൾ എന്നിവകളിലെ പ്രവർത്തകർ ഇന്നലെ വൈകിട്ട് 3 മണിയോടെ പള്ളത്താംകുളങ്ങര ക്ഷേത്ര മൈതാനിയിൽ നിറഞ്ഞു. 4 മണിയോടെ ഘോഷയാത്ര ജയന്തി സമ്മേളനം നടക്കുന്ന ചെറായിയിലേക്ക് നീങ്ങിത്തുടങ്ങി.
യൂണിയൻ പ്രസിഡന്റ് ടി.ജി. വിജയൻ, സെക്രട്ടറി ടി.ബി. ജോഷി, വൈസ് പ്രസിഡന്റ് കെ.വി. സുധീശൻ, യോഗം ബോർഡ് മെമ്പർ കെ.പി. ഗോപാലകൃഷ്ണൻ, കൗൺസിലർമാരായ കണ്ണദാസ് തടിക്കൽ , സി.കെ. ഗോപാലകൃഷ്ണൻ, സി.വി. ബാബു, വനിതാ സംഘം കേന്ദ്ര സമിതി പ്രസിഡന്റ് കെ.പി. കൃഷ്ണകുമാരി, പെൻഷണേഴ്‌സ് കൗൺസിൽ ജില്ല ചെയർമാൻ കെ.കെ. രത്‌നൻ, വൈദിക യോഗം പ്രസിഡന്റ് എം.ജി. രാമചന്ദ്രൻ, സെക്രട്ടറി വി.എസ്. സനീഷ്, പ്രീതി രതീഷ് (വനിത സംഘം), ബിനോയ് കണ്ണൻ, യശ്പാൽ കുമാർ(എംപ്ലോയീസ് ഫോറം ), എം.കെ. മുരളീധരൻ (പെൻഷണേഴ്‌സ് കൗൺസിൽ), അമരേഷ് മുരളി, ആദിത്യ ശങ്കർ (യൂത്ത് മൂവ്‌മെന്റ്), ടി.എൻ. നിഷിൽ, സരുൺ ദേവ് (സൈബർ സേന) തുടങ്ങിയവർ ഘോഷയാത്ര നയിച്ചു.
വിവിധ വാദ്യമേളങ്ങൾ, നിശ്ചല ദൃശ്യങ്ങൾ, കാവടി, തെയ്യം, മുത്തു കുടകൾ, പീതപതാകകൾ എന്നിവയുടെ അകമ്പടിയോടെ നീങ്ങിയ ഘോഷയാത്രയിൽ യൂണിഫോം അണിഞ്ഞ വനിതകളും കുട്ടികളും അണിനിരന്നു. വൈകിട്ട് 6 മണിയോടെ ഘോഷയാത്ര ചെറായി ഗൗരീശ്വര ക്ഷേത്ര മൈതാനിയിലെത്തി ഗുരുദേവ മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി സമാപിച്ചു.
തുടർന്ന് എസ്.എൻ.ഡി.പി യോഗത്തിന്റെയും വിജ്ഞാനവർദ്ധിനി സഭയുടെയും ആഭിമുഖ്യത്തിൽ ഗൗരീശ്വരം ഓഡിറ്റോറിയത്തിൽ നടത്തിയ ചതയ ദിന സമ്മേളനം അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു. വി.വി സഭ പ്രസിഡന്റ് കെ.കെ. പരമേശ്വരൻ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി ടി.ബി. ജോഷി സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ടി.ജി. വിജയൻ ചതയദിന സന്ദേശം നൽകി. കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ഘോഷയാത്രയിൽ മികച്ച പ്രകടനം നടത്തിയ ശാഖകൾക്കുള്ള പി.ഡി. ശ്യാംദാസ് ട്രോഫികൾ, പ്ലസ് ടു ടോപ്പേഴ്‌സിനുള്ള അഡ്വ. എൻ.എൻ. ഗോപാലൻ അവാർഡ്, പ്ലസ് ടു ഫുൾ എ പ്ലസ് വിജയികൾക്കുള്ള വനിത സംഘം അവാർഡുകൾ, എസ്.എസ്.എൽ.സി ഫുൾ എ പ്ലസ് വിജയികൾക്കുള്ള വൈദികയോഗം അവാർഡുകൾ എന്നിവ മുൻ എം.എൽ.എ അഡ്വ. എ.എൻ. രാജൻ ബാബു വിതരണം ചെയ്തു. വി.വി. സഭ സെക്രട്ടറി ഷെല്ലി സുകുമാരൻ, ട്രഷറർ റെജി, അഡ്വ. കെ.ബി. നിതിൻ കുമാർ, പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ, കെ.പി. ഗോപാലകൃഷ്ണൻ, കെ.പി. കൃഷ്ണകുമാരി, ഉഷ സോമൻ, ആശ ദേവദാസ് എന്നിവർ പ്രസംഗിച്ചു.