കൊച്ചി: കൊച്ചി നഗരമദ്ധ്യത്തിൽ അത്യാധുനിക ഫുട്ബാൾ ടർഫ് നിർമ്മിക്കാൻ സർക്കാർ. എറണാകുളം ഗവ. എസ്.ആർ.വി സ്‌കൂൾ വളപ്പിലാണ് ടർഫ് നിർമ്മിക്കുന്നത്. 50ലക്ഷംരൂപ കായികവകുപ്പ് അനുവദിക്കും. 50ലക്ഷംരൂപ എം.എൽ.എ ഫണ്ടിൽനിന്ന് ടി.ജെ. വിനോദും നൽകും. ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധിയുടെ ഭാഗമായാണ് ടർഫ് നിർമ്മാണം.

സർക്കാർ അനുമതി കഴിഞ്ഞദിവസം ലഭിച്ചു. സ്‌പോർസ് കേരള ഫൗണ്ടേഷനാണ് (എസ്.കെ.എഫ്) നിർമ്മാണ ചുമതല. വിശദ പദ്ധതിരേഖ (ഡി.പി.ആർ) വൈകാതെ സമർപ്പിക്കും. അംഗീകാരം ലഭിക്കുന്നതോടെ നിർമ്മാണം ആരംഭിക്കും. ചിറ്റൂർ റോഡിനോട് ചേർന്നുള്ള സ്‌കൂൾ വളപ്പിൽ ടർഫ് നിർമ്മിക്കുന്നതിനാൽ വിദ്യാർത്ഥികൾക്ക് പുറമേ പൊതുജനങ്ങൾക്കും ടർഫ് ഉപയോഗിക്കാനാകും.

ടർഫിന്റെ പരിപാലനം ഉറപ്പാക്കുന്നതിനായി നടത്തിപ്പിനും അറ്റകുറ്റപ്പണിക്കും പ്രാദേശികതലത്തിൽ മാനേജിംഗ് കമ്മിറ്റി രൂപീകരിക്കും. ക്ലബുകൾക്കും സ്വകാര്യ അക്കാഡമികൾക്കും വാടകയ്ക്ക് നൽകിയാകും ടർഫിന്റെ പരിപാലനചെലവ് കണ്ടെത്തുക. നടപ്പാത, ഓപ്പൺ ജിം, ടോയ്‌ലെറ്റ്, ലൈറ്റിംഗ് തുടങ്ങിയ സംവിധാനങ്ങളും ഉണ്ടാകും. പ്രാദേശികതല ഒത്തുചേരലും സാമൂഹിക ഇടപെടലും മെച്ചപ്പെടുത്താൻ സഹായകമായ കേന്ദ്രം കൂടിയാകും പദ്ധതി.

പഞ്ചായത്തിൽ കളിക്കളം
കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളിലും നിലവാരമുള്ള കളിക്കളം ഒരുക്കാൻ ലക്ഷ്യമിട്ട് കായിക യുവജനകാര്യ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് ഒരു പഞ്ചായത്ത് ഒരു കളിക്കളം. കളിക്കളങ്ങൾ ഇല്ലാത്ത തദ്ദേശ സ്ഥാപനങ്ങളിൽ ആധുനിക നിലവാരത്തിലുള്ള കളിക്കളങ്ങൾ സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്കും പ്രാപ്യമായ രീതിയിൽ ലഭ്യമാക്കും. കുറഞ്ഞത് ഒരേക്കർ സ്ഥലത്താണ് കളിക്കളം നിർമ്മിക്കുക.

പദ്ധതി ഉപയോഗപ്പെടുത്തുക
• കായികക്ഷമതാ മിഷൻ
• തദ്ദേശ സ്ഥാപനതല സ്‌പോട്‌സ് കൗൺസിൽ
• ഫുട്ബാൾ പരിശീലനം നൽകുന്ന ഗോൾ പദ്ധതി

കഴിഞ്ഞദിവസം സർക്കാർ അനുമതി ലഭിച്ചു. ഡി.പി.ആ‌ർ വൈകാതെ സമർപ്പിക്കും. ഇതിനും അനുമതി ലഭിക്കുന്നതോടെ നിർമ്മാണം തുടങ്ങും

ടി.ജെ. വിനോദ്

എം.എൽ.എ