കൊച്ചി: വിശാല കൊച്ചി വികസന അതോറിറ്റിയും കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡും (സി.എസ്.എം.എൽ) സംയുക്ത സംരംഭമായി നവീകരിച്ച പനമ്പിള്ളി നഗർ ഡിവിഷൻ 56 ലെ ഗോൾഡൻ പാർക്ക്, എം. ഐ. ജി പാർക്ക് എന്നിവയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് അഞ്ചിന് മേയർ അഡ്വ. എം. അനിൽകുമാർ നിർവഹിക്കും. ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻ പിള്ള അദ്ധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എം.പി, ഉമ തോമസ് എം.എൽ.എ, ഡിവിഷൻ കൗൺസിലർ അഞ്ജന, സി.എസ്.എം.എൽ സി.ഇ.ഒ ഷാജി വി. നായർ തുടങ്ങിയവർ പങ്കെടുക്കും. ഗാന്ധിനഗർ, പനമ്പിള്ളി നഗർ മേഖലകളിൽ നൂതന സംവിധാനങ്ങളോടെ 9 പാർക്കുകളാണ് നവീകരിച്ചത്. 1980ൽ ജി.സി.ഡി.എ സ്ഥലം ഏറ്റെടുത്താണ് പാർക്കുകൾ നിർമ്മിച്ചത്. കുട്ടികളുടെ കളിസ്ഥലം, ഓപ്പൺ ജിംനേഷ്യം, വിനോദ ഉപാധികൾക്കുള്ള സ്ഥലം, ശുചിമുറികൾ, മോടിപിടിപ്പിച്ച നടപ്പാത എന്നിവയാണ് പാർക്കുകളിലുള്ളത്.