art-form
എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയന്റെ നേതൃത്വത്തിൽ പറവൂർ നഗരത്തിൽ നടന്ന ശ്രീനാരായണ ജയന്തി സാംസ്കാരിക ഘോഷയാത്ര

പറവൂർ: എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശ്രീനാരായണ ഗുരുദേവ ജയന്തിദിന സാംസ്കാരിക ഘോഷയാത്ര നഗരത്തെ മഞ്ഞപ്പൂങ്കാവനമാക്കി. യൂണിയന് കീഴിലെ 72 ശാഖായോഗങ്ങളിലെ ആയിരക്കണക്കിന് പ്രവർത്തകർ മഞ്ഞവസ്ത്രങ്ങളും പീതപതാകകളുമേന്തി ഘോഷയാത്രയിൽ അണിനിരന്നു. വൈകിട്ട് മൂന്നിന് യൂണിയൻ ഓഫീസ് അങ്കണത്തിലെ ഗുരുദേവ മണ്ഡപത്തിലെ പൂജകൾക്ക് ശേഷം ഘോഷയാത്ര ആരംഭിച്ചു. ആലുവ അദ്വൈതാശ്രമത്തിലെ കെടാവിളക്കിൽ നിന്ന് പകർന്ന ദിവ്യജ്യോതി വഹിച്ച രഥമായിരുന്നു ഘോഷയാത്രയ്ക്ക് മുന്നിൽ. വാദ്യമേളങ്ങളുടെയും നിശ്ചലദൃശ്യങ്ങളുടെയും അകമ്പടിയോടെയായിരുന്നു ഘോഷയാത്ര. യൂണിയൻ ചെയർമാൻ സി.എൻ. രാധാകൃഷ്ണൻ, കൺവീനർ ഷൈജു മനയ്ക്കപ്പടി, യോഗം കൗൺസിലർ ഇ.എസ്. ഷീബ, യോഗം ഡറയറക്ടർമാരായ പി.എസ്. ജയരാജ്, എം.പി. ബിനു, ഡി. ബാബു എന്നിവരും യൂണിയൻ കമ്മിറ്റി അംഗങ്ങളും വനിതാസംഘം, യൂത്ത് മൂവ്മെന്റ്, സൈബർസേന, വൈദിക യോഗം, എംപ്ളോയിസ് ഫോറം, കുമാരിസംഘം, ബാലജനയോഗം, പെൻഷണേഴ്സ് ഫോറം, എം.എഫ്.ഐ എന്നീ പോഷക സംഘടനകളുടെ യൂണിയൻ ഭാരവാഹികളും നേതൃത്വം നൽകി. വാദ്യമേളങ്ങൾ, ശ്രീനാരായണ ദർശനങ്ങളെ ആസ്പദമാക്കിയ നിശ്ചലദൃശ്യങ്ങൾ, നാടൻ കലാരൂപങ്ങൾ, വർണക്കുടകൾ, പീതവർണ ബലൂണുകൾ തുടങ്ങിയവ ഘോഷയാത്രയ്ക്ക് ദൃശ്യ-ശ്രവ്യ ചാരുത നൽകി. പീതവസ്ത്രങ്ങൾ ധരിച്ച ബാലികാബാലൻമാരും പീതപതാകയേന്തി മഞ്ഞ സാരി ധരിച്ച സ്ത്രീകളും മഞ്ഞ ഷർട്ടും മുണ്ടും ധരിച്ച പുരുഷൻമാരും നഗരത്തെ മഞ്ഞക്കടലാക്കി. കച്ചേരിപ്പടി, മുനിസിപ്പൽ കവല, കെ.എം.കെ ജംഗ്ഷൻ, പുല്ലംകുളം, ചേന്ദമംഗലം കവല വഴി നഗരം ചുറ്റി ഘോഷയാത്ര യൂണിയൻ ഓഡിറ്റോറിയത്തിൽ സമാപിച്ചു. നഗരവീഥികളിലെ സ്ഥാപനങ്ങളും വിവിധ സംഘടനകളും ഘോഷയാത്രയെ സ്വീകരിച്ചു. ഘോഷയാത്ര കാണാൻ ജനസഹസ്രങ്ങൾ പാതയോരങ്ങളിൽ തടിച്ചുകൂടി. സമ്മേളന വേദിയായ പഴയ യൂണിയൻ ഓഡിറ്റോറിയത്തിൽ ഘോഷയാത്രയുടെ മുൻനിര എത്തിയതോടെ 28 ദിവസം നീണ്ടുനിന്ന ജയന്തി ആഘോഷങ്ങളുടെ സമാപന സമ്മേളനം ആരംഭിച്ചു.