
വൈപ്പിൻ: അഞ്ചാംവർഷവും വൈപ്പിൻ ചെറായി പ്രദേശത്തെ 50 കുടുംബങ്ങളിൽ ഓണക്കോടി സമ്മാനിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.എ. നോബൽകുമാർ. കിടപ്പുരോഗികൾ, മക്കളില്ലാതെ ഒറ്റയ്ക്കു താമസിക്കുന്നവർ, വികലാംഗർ എന്നിവർക്കാണ് വീടുകളിൽ ഓണക്കോടി നൽകിയത്. മുണ്ടും സെറ്റ് മുണ്ടുമാണ് വിതരണം ചെയ്തത്. പുലർച്ചെ വീടിനു മുൻപിൽ ഓണക്കോടി വച്ചിട്ടുപോകുകയാണ് നോബലിന്റ രീതി. നല്ല വസ്ത്രം ധരിക്കാൻ കൊതിച്ച സ്വന്തം കുട്ടിക്കാലമാണ് പ്രചോദനമെന്ന് നോബൽ പറയുന്നു. കഴിയുന്ന സഹായം മറ്റുള്ളവർക്കു കൊടുക്കുമ്പോൾ കിട്ടുന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല. ജീവിതാനുഭവങ്ങളാണ് ഇങ്ങനെ ചെയ്യാനുള്ള പ്രചോദനമെന്നും അദ്ദേഹം പറഞ്ഞു.