
കാക്കനാട്: എസ്.എൻ.ഡി.പി. യോഗം തൃക്കാക്കര സൗത്ത് ശാഖയുടെ നേതൃത്വത്തിൽ ചതയ ഘോഷയാത്രയും ഗോൾഡൻ ജൂബിലി മന്ദിരം അനാച്ഛാദനവും നടത്തി. എൻ.ജി.ഒ.ക്വാർട്ടേഴ്സിൽ നിന്നാരംഭിച്ച ഘോഷയാത്ര കാക്കനാട് ശാഖാമന്ദിരത്തിന്റെ മുന്നിൽ അവസാനിച്ചു. ശാഖ പ്രസിഡന്റ് ഉണ്ണി കാക്കനാട്, സെക്രട്ടറി കെ.ബി.പ്രവീൺ, വൈസ് പ്രസിഡന്റ് കെ.ആർ. അശോകൻ, ഭരണസമിതി അംഗങ്ങൾ എന്നിവർ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി.
ശാഖയുടെ കീഴിലുള്ള 6 യൂണിറ്റുകളുടെ നേതൃത്വത്തിൽ നൂറുകണക്കിന് ശ്രീനാരായണീയർ പീതവർണ്ണക്കൊടികളുമായി വിവിധ യൂണിറ്റുകളുടെ ബാനറിനു കീഴിൽ അണിനിരന്നു. തെയ്യം, കാവടി,ശിങ്കാരിമേളം,ടാബ്ലോ, വിവിധതരം പ്രച്ഛന്നവേഷങ്ങൾ തുടങ്ങിയവ ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി. തുടർന്ന് ഗോൾഡൻ ജൂബിലി മന്ദിരത്തിന്റെ അനാച്ഛാദനം ശാഖ പ്രസിഡന്റ് ഉണ്ണി കാക്കനാടിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയിലെ 14 അംഗങ്ങൾ ചേർന്ന് നിർവഹിച്ചു. നവീകരിച്ച ഹാളിന്റെ സമർപ്പണം അനൂപ് ചന്ദ്രൻ, അരുൺ ചന്ദ്രൻ എന്നിവർ ചേർന്ന് നിർവഹിച്ചു.
സി.സി.വിജു, അശോകൻ നെച്ചിക്കാട്ട്, ഷീബ മുരളി, ദീപ്തി പ്രശാന്ത്, വിവിധ യൂണിറ്റുകളിലെ ഭാരവാഹികൾ, കുമാരിസംഘം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. യൂണിറ്റുകൾ തമ്മിലുള്ള വിവിധ മത്സരങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഡോ.പൽപ്പു കുടുംബ യൂണിറ്റിന് ഉപഹാരം കൈമാറി.