തൃപ്പൂണിത്തുറ: സൂര്യചന്ദ്രന്മാർ ഉള്ള കാലം ഗുരുദേവ ദർശനം ഇവിടെ ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ തൃപ്പൂണിത്തുറയിൽ സംഘടിപ്പിച്ച ഗുരുദേവ ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുരുദേവൻ അറിവിന്റെ പൊരുൾ തേടിയത് വ്യത്യസ്തമായ രീതിയിലാണ്. മറ്റ് സന്യാസിമാരുടെ വഴികളിലൂടെ ഗുരു നടന്നില്ല. വിപുലമായ സഞ്ചാരം നടത്തി ഇവിടെ നിലനിന്ന അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ പോരാടി. ജനങ്ങളുടെ ദുരിതങ്ങളും അടിച്ചമർത്തലുകളും അവസാനിപ്പിക്കാനായി ഒരിറ്റു ചോരവീഴാതെ ആരെയും അപഹസിക്കാതെ സൗമ്യമായും സമാധാനപരമായും നിരന്തരം പ്രവർത്തിച്ചു.
ആരും ചിന്തിക്കാത്ത രീതിയിൽ അരുവിപ്പുറം പ്രതിഷ്ഠ നടത്തി സവർണ മേധാവിത്വത്തെ വെല്ലുവിളിച്ചു ഗുരുദേവൻ. മതത്തിന്റെയും ജാതിയുടെയും ദൈവത്തിന്റെയും പേരിൽ തമ്മിലടിക്കരുതെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്തി. അതിന് ശേഷം ഒരു നൂറ്റാണ്ട് കഴിയുമ്പോൾ ഗുരുദർശനങ്ങൾക്ക് പ്രസക്തിയേറുകയാണെന്നും വി.ഡി. സതീശൻ പറഞ്ഞു.
കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദൻ ഗുരുദേവ ഛായ ചിത്രത്തിന് മുന്നിൽ നിലവിളക്ക് തെളിയിച്ചതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. കെ ബാബു എം.എൽ.എ, നഗരസഭ ചെയർപേഴ്സൺ രമാ സന്തോഷ്, വൈസ് ചെയർമാൻ കെ. കെ. പ്രദീപ്കുമാർ, യൂണിയൻ കൺവീനർ എം.ഡി. അഭിലാഷ്, വൈസ് ചെയർമാൻ സി.വി. വിജയൻ തുടങ്ങിയവർ സംസാരിച്ചു.