sndp-paravur-p-rajeev
എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയന്റെ നേതൃത്വത്തിൽ നടന്ന ശ്രീനാരായണ ജയന്തി ആഘോഷങ്ങളുടെ സമാപന സമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: വേർതിരിവില്ലാതെ എല്ലാ മനുഷ്യരെയും ചേർത്ത് പിടിക്കുന്ന വിശാലമായ ദർശനമാണ് ശ്രീനാരായണ ഗുരു മുന്നോട്ട് വച്ചതെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയന്റെ ശ്രീനാരായണ ജയന്തി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എല്ലാം ഉൾക്കൊള്ളാനും വ്യത്യസ്ത കാഴ്ചപ്പാടുകളെ ചേർത്തു പിടിച്ച് കുറേക്കൂടി വിപുലമാക്കാനും ഗുരുദേവന് കഴിഞ്ഞു. പിന്നാക്കക്കാർക്ക് ക്ഷേത്രങ്ങളുടെ അടുത്തുപോലും പോകാൻ സാധിക്കാത്ത കാലത്ത് ദൈവത്തെ കൈപിടിച്ച് രക്ഷിക്കണേയെന്ന് പ്രാർത്ഥിക്കാനുള്ള പുതിയൊരു ദർശനം രൂപപ്പെടുത്തിയെടുക്കാൻ ഗുരുവിന് കഴിഞ്ഞെന്നും പി. രാജീവ് പറഞ്ഞു.

സൗമ്യവും തേജസുറ്റതുമായ വാക്കുകളിലൂടെ, കേരളത്തിൽ നിലനിന്നിരുന്ന വളരെ മോശമായ സാമൂഹ്യ വ്യവസ്ഥിതിക്കെതിരെ കൊടുക്കാറ്റ് സൃഷ്ടിക്കാൻ ശ്രീനാരായണ ഗുരുവിന് സാധിച്ചതായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. ജയന്തിദിന സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു വിഭാഗം ജനങ്ങളെ അധ:സ്ഥിതരും പിന്നാക്കം നിൽക്കുന്നവരുമായി കാണുകയും അവകാശങ്ങൾ നിഷേധിക്കുകയും ചെയ്ത കാലത്ത് അവരുടെ മോചനത്തിനായി ഗുരുദേവൻ പോരാടുകയും എല്ലാവരും തുല്യരാണെന്ന ബോധവും ആത്മവിശ്വാസവും പകരുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.

യൂണിയൻ ചെയർമാൻ സി.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് ടി.വി. നിധിൻ വിദ്യാഭ്യാസ അവാർഡ് വിതരണവും കൗൺസിലർ രഞ്ജിത്ത് മോഹൻ കലാമത്സര സമ്മാനദാനവും നിർവഹിച്ചു. യൂണിയൻ കൺവീനർ ഷൈജു മനയ്ക്കപ്പടി, യോഗം കൗൺസിലർ ഇ.എസ്. ഷീബ, യോഗം ഡയറക്ടർമാരായ പി.എസ്. ജയരാജ്, എം.പി. ബിനു, ഡി. ബാബു, യൂണിയൻ കമ്മിറ്റി അഡ്മിനിസ്ട്രറ്റീവ് കമ്മിറ്റി അംഗങ്ങളായ ഡി. പ്രസന്നകുമാർ, കണ്ണൻ കൂട്ടുകാട്, വി.എൻ. നാഗേഷ്, കെ.ബി. സുഭാഷ്, ടി.എം. ദിലീപ്, വി.പി. ഷാജി, പെൻഷനേഴ്സ് ഫോറം ചെയർമാൻ പി.ടി. ശിവസുതൻ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഷൈജ മുരളീധരൻ, സെക്രട്ടറി ബിന്ദു ബോസ്, യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് കെ.എസ്. അഭിഷേക്, സെക്രട്ടറി നിഖില ദിലീപ്, എംപ്ളോയീസ് ഫോറം ജില്ലാകമ്മിറ്റി അംഗം എൻ.കെ. സജീവ്, വൈദികയോഗം യൂണിയൻ പ്രസിഡന്റ് അഖിൽശാന്തി, സൈബർസേന യൂണിയൻ സെക്രട്ടറി വി.ആർ. ഡോസൻ, എം.എഫ്. ഐ യൂണിയൻ കോ ഓർഡിനേറ്റ‌ർ ജോഷി പല്ലേക്കാട്ട്, വി.എൻ. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.