കൊച്ചി​: കേരളത്തിന്റെ നവോത്ഥാനത്തിന് വിത്തുപാകിയ ശ്രീനാരായണ ഗുരുദേവന്റെ 171-ാം ജയന്തിയോടനുബന്ധിച്ച് ഇന്നലെ നാടും നഗരവും മഞ്ഞ പുതച്ചു. എസ്.എൻ.ഡി.പി യോഗം ശാഖകളിലും ഗുരുമന്ദിരങ്ങളിലും ഗുരുദേവ ക്ഷേത്രങ്ങളിലും മറ്റു ശ്രീനാരായണ പ്രസ്ഥാനങ്ങളിലും ഇന്നലെ രാവിലെ മുതൽ ആരംഭിച്ച ചടങ്ങുകളും ഗുരുപൂജയും ചതയഘോഷയാത്രയും സമ്മേളനങ്ങളും ജില്ലയെ ഗുരുസ്മൃതിയിൽ അലിയിച്ചു.

കണയന്നൂർ യൂണിയന്റെ നേതൃത്വത്തിൽ തൃപ്പൂണിത്തുറയിൽ നടന്ന റാലി രാജനഗരിയെ അക്ഷരാർത്ഥത്തിൽ മഞ്ഞക്കടലാക്കി. 66 ശാഖകളി​ൽ നിന്നായി പതിനായിരക്കണക്കിനാളുകളാണ് ഒഴുകിയെത്തിയത്. മേളങ്ങൾ, നാടൻ കലാരൂപങ്ങൾ, നി​ശ്ചലദൃശ്യങ്ങൾ, കാവടി​ തുടങ്ങി​യവ ആഘോഷപ്പൊലിമയേകി.

വൈകി​ട്ട് 4ന് എസ്.എൻ.ജംഗ്ഷൻ ഗുരുമണ്ഡപത്തി​ൽ നി​ന്നാണ് ജയന്തി​ ഘോഷയാത്ര ആരംഭി​ച്ചത്. തുടർന്ന് തൃപ്പൂണി​ത്തുറ മുനി​സി​പ്പാലി​റ്റി​ ഓഫീസി​ന് മുന്നി​ലുള്ള മാണി​ക്കനാംപറമ്പ് ഗ്രൗണ്ടി​ൽ ജയന്തി​ സമ്മേളനം പ്രതി​പക്ഷ നേതാവ് വി​.ഡി​. സതീശൻ ഉദ്ഘാടനം ചെയ്യുമ്പോഴേക്കും ഗ്രൗണ്ട് ജനസമുദ്രമായി നിറഞ്ഞു കവിഞ്ഞു. അപ്പോഴും ഘോഷയാത്ര ഗ്രൗണ്ടിലേക്ക് എത്തിക്കൊണ്ടിരിക്കുകയായിരുന്നു. സംഘാടകരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചാണ് ആവേശഭരിതരായി ഗുരുദേവ ഭക്തർ അണമുറിയാതെ തൃപ്പൂണിത്തുറയിലേക്കെത്തിയത്. .

സമ്മേളനത്തിൽ യൂണി​യൻ ചെയർമാൻ മഹാരാജാ ശി​വാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. കെ. ബാബു എം.എൽ.എയും നഗരസഭാ ചെയർപേഴ്സൺ​ രമ സന്തോഷും മുഖ്യപ്രഭാഷണങ്ങൾ നടത്തി, വൈസ് ചെയർമാൻ കെ.കെ. പ്രദീപ് കുമാർ, യൂണി​യൻ അഡ്മി​നി​സ്ട്രേറ്റീവ് കമ്മി​റ്റി​അംഗങ്ങളായ കെ.പി​. ശി​വദാസ്, കെ.കെ. മാധവൻ, ടി​.എം. വി​ജയകുമാർ, എൽ. സന്തോഷ്, യൂത്ത് മൂവ്മെന്റ് പ്രസി​ഡന്റ് വി​നോദ് വേണുഗോപാൽ, വനിതാസംഘം പ്രസി​ഡന്റ് ഭാമ പത്മനാഭൻ, പെൻഷണേഴ്സ് കൗൺ​സി​ൽ പ്രസി​ഡന്റ് രാജൻ ബാനർജി​, എംപ്ളോയീസ് ഫോറം പ്രസി​ഡന്റ് സുരേഷ് പൂത്തോട്ട, വൈദി​കയോഗം പ്രസി​ഡന്റ് ശ്രീകുമാർ ശാന്തി​, സൈബർ സേന പ്രസി​ഡന്റ് റെജി​ വേണുഗോപാൽ, കുമാരി​സംഘം പ്രസി​ഡന്റ് റി​തുവർഷ എന്നി​വർ പങ്കെടുത്തു. യൂണി​യൻ കൺ​വീനർ എം.ഡി​. അഭി​ലാഷ് സ്വാഗതവും വൈസ് ചെയർമാൻ സി​.വി​. വി​ജയൻ നന്ദി​യും പറഞ്ഞു.