കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെ മുംബയിലെത്തി എറണാകുളം എളമക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. അമേരിക്കയിലായിരുന്ന സനൽകുമാർ ഇന്നലെ മുംബയ് വിമാനത്താവളത്തിൽ എത്തിയപ്പോൾ ലുക്കൗട്ട് നോട്ടീസ് പ്രകാരം തടഞ്ഞുവച്ച് കേരള പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പ്രത്യേകസംഘം വിമാനമാർഗം മുംബയിലെത്തി കസ്റ്റഡിയിൽ എടുത്തു. ഇന്ന് കൊച്ചിയിൽ എത്തിക്കും.

തന്നെ തടഞ്ഞുവച്ചതായി ഇന്നലെ സമൂഹമാദ്ധ്യമങ്ങളിൽ സനൽകുമാർ ശശിധരൻ കുറിച്ചിരുന്നു. ജനുവരിയിൽ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യക്ക് നടി ഇ-മെയിലായാണ് പരാതി നൽകിയത്. ഇതേ നടി നേരത്തേ നൽകിയ പരാതിയിൽ കുറ്റപത്രം നൽകാനിരിക്കെയാണ് സനൽകുമാറിനെതിരെ രണ്ടാമത്തെ എഫ്.ഐ.ആർ ഇട്ടത്. എന്നാൽ, സനൽ അമേരിക്കയിലായതിനാൽ തുടർനടപടികളുണ്ടായില്ല.

നടിയെ പരാമർശിച്ചും ടാഗ് ചെയ്തും സനൽ ഒട്ടേറെ പോസ്റ്റുകൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. നടിയുടെ ജീവിതം അപകടത്തിലാണെന്നും പറഞ്ഞു. നടിയുടേതെന്ന പേരിൽ ഓഡിയോ സംഭാഷണങ്ങളും പുറത്തുവിട്ടു. തന്റെ നിരപരാധിത്വം തെളിയിക്കാൻ വേണ്ടിയാണ് ഈ പോസ്റ്റുകൾ ഇടുന്നതെന്നായിരുന്നു വിശദീകരണം. പിന്നാലെയാണ് നടി വീണ്ടും പരാതി നൽകിയത്.

നടിയുടെ പരാതിയിൽ 2022 മേയിൽ എളമക്കര പൊലീസ് സനലിനെ പാറശാലയിൽ നിന്ന് അറസ്റ്റ് ചെയ്‌തെങ്കിലും ജാമ്യത്തിൽ വിട്ടിരുന്നു.

സനലിനെ കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്യുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ പറഞ്ഞു.