കിഴക്കമ്പലം: എം.എൽ.എയുടെ നേതൃത്വത്തിൽ നടപ്പാക്കാൻ തീരുമാനിച്ച പട്ടിമ​റ്റത്തെ സമഗ്ര ട്രാഫിക് പരിഷ്‌കാരം നടപ്പാക്കാൻ വൈകുന്നതിനെതിരെ പ്രതിഷേധവുമായി ഒരു വിഭാഗം വ്യാപാരികൾ രംഗത്ത്. അനധികൃത പാർക്കിംഗിനെതിരെ പൊലീസ് നടപടികൾ കടുപ്പിച്ചതോടെയാണിത്. നിരവധി സ്ഥാപനങ്ങൾക്ക് മുന്നിൽ പാർക്ക് ചെയ്ത വാഹനങ്ങൾക്കെതിരെ നടപടി എടുത്തതോടെയാണ് ഏതാനും പേർ പ്രതിഷേധവുമായി രംഗത്തെത്തിയത്.

കൃത്യമായ പാർക്കിംഗ് ഏരിയകൾ തീരുമാനിച്ച് ബസ് സ്റ്റോപ്പുകൾക്ക് കാലാനുസൃതമായ മാറ്റങ്ങൾ വരുത്തി 15 ദിവസത്തേയ്ക്ക് പരീക്ഷണാടിസ്ഥാനത്തിൽ പരിഷ്കാരം നടപ്പാക്കാനായിരുന്നു തീരുമാനം. എന്നാൽ വ്യാപാര ഭവനിൽ നടന്ന സർവകക്ഷിയോഗത്തിൽ നിന്ന് വ്യത്യസ്തമായ തീരുമാനമാണ് നടപ്പാക്കുന്നതെന്ന വാദമുയർത്തിയാണ് പരിഷ്കാരത്തെ ഏതാനും ചിലർക്ക് വേണ്ടി അട്ടിമറിച്ചത്. ഇതോടെ സ്കൂൾ സമയങ്ങളിലും വൈകുന്നേരവും ടൗണിൽ കുരുക്കോട് കുരുക്കാണ്. ടൗണിൽ പൊലീസ് സാന്നിദ്ധ്യമില്ലായ്മയാണ് കുരുക്കിന് കാരണമെന്ന വാദമാണ് ഒരു വിഭാഗം ഉയർത്തുന്നത്. മൾട്ടി സ്‌പെഷ്യലി​റ്റികൾ അടക്കം പട്ടിമ​റ്റത്തിന് സമീപത്തെ ആശുപത്രികളിലേയ്ക്ക് പായുന്ന ആംബുലൻസുകളടക്കമാണ് കുരുക്കിലാകുന്നത്. പട്ടിമറ്റത്തെ ട്രാഫിക് പ്രശ്നങ്ങളെ വ്യക്തമായി പഠിച്ച ശേഷം നടപ്പാക്കാൻ മുന്നിട്ടിറങ്ങിയ പെരുമ്പാവൂർ എ.സി.പി ശക്തിസിംഗ് ആര്യ സ്ഥലം മാറി പോയതോടെ ഗസ്​റ്റ് ഹൗസിൽ ചേർന്ന ഉന്നതതല യോഗത്തിന്റെ തീരുമാനം ഫയലിൽ ഉറങ്ങുകയാണ്.

ട്രാഫിക് പരിഷ്‌കാരം ചർച്ച ചെയ്യുന്നതിന് ആദ്യം പട്ടിമ​റ്റം വ്യാപാര ഭവനിൽ ചേർന്ന പൊതുചർച്ചയിൽ ടൗണിന്റെ നാലുവശത്തുമുള്ള ബസ് സ്​റ്റോപ്പുകൾ മുന്നിലേയ്ക്ക് നീക്കണമെന്നായിരുന്നു തീരുമാനം. പിന്നീട് ഗസ്​റ്റ് ഹൗസിൽ നടന്ന ഉന്നതതല യോഗത്തിന് ശേഷം എം.എൽ.എയുടെയും എ.സി.പിയുടെയും നേതൃത്വത്തിൽ നിർദ്ദിഷ്ട ബസ് സ്​റ്റോപ്പുകളിൽ നടത്തിയ പരിശോധനയിൽ കോലഞ്ചേരി ബസ് സ്​റ്റോപ്പ്, പട്ടിമ​റ്റം ജംഗ്ഷൻ എത്തുന്നതിന് തൊട്ടുമുമ്പ് നിലവിലുള്ള ഓട്ടോ സ്​റ്റാൻഡിന് സമീപം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കണമെന്ന നിർദ്ദേശമുയർന്നു. ഇതോടെയാണ് പരിഷ്‌കാര തീരുമാനം ചവ​റ്റുകൊട്ടയിലായത്.

എം.എൽ.എയുടെ നേതൃത്വത്തിൽ നടപ്പാക്കാൻ തീരുമാനിച്ച ട്രാഫിക് പരിഷ്കാരം അടിയന്തരമായി നടപ്പാക്കണം. പരിഷ്കാരം പ്രാവർത്തികമാക്കുന്നതിന് ബോർഡുകൾ സ്ഥാപിക്കുന്നത് ഉൾപ്പടെയുള്ള മുഴുവൻ സഹകരണവും വ്യാപാരി വ്യവസായി സമിതിയുടെ ഭാഗത്ത് നിന്നുമുണ്ടാകും.

കെ.എം. ഷമീർ,

സെക്രട്ടറി,

വ്യാപാരി വ്യവസായി സമിതി

പട്ടിമറ്റം യൂണിറ്റ്

പട്ടിമറ്റം വ്യാപാരഭവനിൽ നടത്തിയ സർവക്ഷി യോഗത്തിലെ തീരുമാനങ്ങൾ മാറ്റിയ നടപടി പ്രതിഷേധാർഹമാണ്. ടൗണിലെ നാല് ഭാഗത്തുമുള്ള ബസ് സ്റ്റോപ്പുകൾ മുന്നിലേയ്ക്ക് മാറ്റണം. ഏകോപന സമിതിയുടെ തീരുമാനം എം.എൽ.എയെ അറിയിച്ചിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളിലേയ്ക്ക് എത്തുന്ന വാഹനങ്ങൾക്കെതിരായ പൊലീസ് നടപടിക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കും.

ടി.പി. അസൈനാർ,

ജനറൽ സെക്രട്ടറി

വ്യാപാരി വ്യവസായി

ഏകോപന സമിതി,

പട്ടിമറ്റം