sroad-gate
ഇടപ്പള്ളി ബൈപ്പാസ് കവലയിലെ മേല്പാലത്തിന് അടിയിലെ സർവീസ് റോഡ് ഗേറ്റുവച്ച് അടച്ച നിലയിൽ

കളമശേരി: ദേശീയപാത ഇടപ്പള്ളി ബൈപ്പാസ് കവലയിലെ മേല്പാലത്തിനടിയിലെ സർവീസ് റോഡ് മുന്നറിയിപ്പില്ലാതെ രാത്രികാലങ്ങളിൽ പൊലീസ് അടയ്ക്കുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു.

ഇടപ്പള്ളി ടോളിൽ എത്തുന്നവർക്ക് ആലുവ ഭാഗത്തേക്ക് പോകുന്നതിനുവേണ്ടിയാണ് മേല്പാലത്തിനടിയിൽ സർവീസ് റോഡ് ആരംഭിച്ചത്. പുക്കാട്ടുപടി ഭാഗത്തുനിന്നുവരുന്ന കാർ ഉൾപ്പെടെയുള്ള വാഹനങ്ങളും പമ്പിലേക്കുവരുന്ന ഇരുചക്രവാഹനങ്ങളും പാലത്തിനടിയിലുള്ള സർവീസ് റോഡിലൂടെ തിരിഞ്ഞാണ് ആലുവ ഭാഗത്തേക്ക് പ്രവേശിക്കുന്നത്.

ഈ റോഡിലൂടെ കാർ ഉൾപ്പെടെയുള്ള ഇരുചക്ര വാഹനങ്ങൾ കടന്നുപോകുന്നതിന് യാതൊരു തടസവും ഉണ്ടാകാറില്ല. ചില പൊലീസുകാർ ട്രാഫിക് നിയന്ത്രണത്തിൽനിന്ന് രക്ഷ നേടുന്നതിന് മുന്നറിയിപ്പൊന്നുമില്ലാതെ സർവീസ് റോഡ് അടയ്ക്കുന്നതാണ് യാത്രക്കാർക്ക് ദുരിതമാവുന്നത്.

രാത്രികാലങ്ങളിൽ വാഹനങ്ങൾ സർവീസ് റോഡിലൂടെ കടക്കാനുള്ള നീണ്ടനിരതന്നെയാണിവിടെ. എന്നാലും പൊലീസ് സർവീസ് റോഡ് തുറന്നുകൊടുക്കാൻ തയ്യാറാവാറില്ല. ഈ വാഹനങ്ങൾ ബൈപ്പാസിലൂടെ ചുറ്റി കിലോമീറ്റർ തിരിഞ്ഞുവേണം ഇടപ്പള്ളി ടോളിലെത്താൻ. ഇത് വാഹനയാത്രക്കാർക്ക് ഇന്ധനനഷ്ടവും സമയനഷ്ടവും വരുത്തുകയാണ്. ഇതൊഴിവാക്കാൻ ഉന്നത അധികാരികളുടെ അടിയന്തര ശ്രദ്ധവേണമെന്നാണ് യാത്രക്കാരുടെ ആവശ്യം.